തിരുവനന്തപുരം
അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 53 വർഷം എംഎൽഎയായി തുടർന്ന അദ്ദേഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളോടും സൗഹൃദത്തോടെ ജീവിതാവസാനംവരെ നിലകൊണ്ടു.
ഏത് പ്രതിസന്ധിയിലും സങ്കീർണതയിലും സൗഹൃദം എല്ലാവരോടും കാത്തുസൂക്ഷിച്ചു. ഇടതുപക്ഷത്തിനൊപ്പവും ശത്രുപക്ഷത്തും പ്രവർത്തിച്ച കാലങ്ങളിൽ രാഷ്ട്രീയം പരിഗണിക്കാതെ ബന്ധങ്ങൾ സൂക്ഷിച്ചുപോന്നു.
.jpg)
കെഎസ്യു പ്രവർത്തകനായതുമുതൽ ജീവിതാവസാനംവരെ കോൺഗ്രസ് നേതാവ്, എംഎൽഎ, മന്ത്രി, യുഡിഎഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴൊന്നും വിശ്രമമെന്തെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. വിശ്രമിച്ചാലാണ് തളർച്ച അനുഭവപ്പെടുകയെന്ന് കരുതിപ്പോന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും കേരള ജനതയ്ക്കുമുണ്ടായ തീരാവേദനയിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.















