ന്യൂഡൽഹി> അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങ്വി ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹർജി പരിഗണിക്കണമെന്ന് ആയിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇതേതുടർന്ന്, വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു.
‘എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വരുന്നതെങ്ങനെ?’- എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം. രാഹുൽ മോദി സമുദായത്തെ മുഴുവൻ അവഹേളിച്ചെന്ന് ആരോപിച്ച് ഗുജറാത്തിലെ ബിജെപി നേതാവ് പുർണേഷ്മോദി നൽകിയ ഹർജിയിൽ രാഹുൽ കുറ്റക്കാരനാണെന്ന് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
രാഹുലിനെ രണ്ടുവർഷം തടവിനും ശിക്ഷിച്ചു. ഇതേതുടർന്ന്, രാഹുലിനെ എംപിസ്ഥാനത്ത് നിന്നും അയോഗ്യനാക്കി. സൂറത്ത് കോടതി വിധിക്ക് എതിരെ രാഹുൽ നൽകിയ അപ്പീൽ സെഷൻസ്കോടതിയും ഹൈക്കോടതിയും തള്ളി. ഇതേ തുടർന്നാണ്, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റക്കാരനാണെന്ന വിധിയും തടവുശിക്ഷയും സുപ്രീംകോടതി സ്റ്റേ ചെയ്താൽ മാത്രമേ രാഹുൽഗാന്ധിക്ക് എംപി സ്ഥാനം നിലനിർത്താൻ സാധിക്കുകയുള്ളു.