ന്യൂഡൽഹി> വനിതാ ഗുസ്തിതാരങ്ങൾക്ക് എതിരായ ലൈംഗികാതിക്രമക്കേസിൽ ബിജെപി എംപിയും റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺസിങ്ങിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച്ച റൂസ്അവന്യു കോടതിയിൽ ഹാജരായ ബ്രിജ്ഭൂഷണിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിങ്ങ് ജസ്പാൽ ജാമ്യം അനുവദിച്ചു. ബ്രിജ്ഭൂഷണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതിക്ക് വേണമെങ്കിൽ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കില്ലെന്ന ഉപാധി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഇടക്കാല ജാമ്യം അനുവദിക്കുകയാണെന്ന് കോടതി അറിയിച്ചു. വ്യാഴാഴ്ച്ച സ്ഥിരംജാമ്യം തേടിയുള്ള ബ്രിജ്ഭൂഷണിന്റെ അപേക്ഷ കോടതി പരിഗണിക്കും. ഈ മാസം ഏഴിനാണ് ബ്രിജ്ഭൂഷൺ ശരൺസിങ്ങും കൂട്ടുപ്രതി വിനോദ്തോമാറും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്. ബ്രിജ്ഭൂഷണിന് എതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികഉദ്ദേശത്തോടെയുള്ള അധിക്ഷേപപരാമർശങ്ങൾ നടത്തൽ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന് എതിരായ പോക്സോ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.