മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഉമ്മൻചാണ്ടിയുടെ വേർപാടിൽ ശക്തി തിയറ്റേഴ്സ് അനുശോചിച്ചു
അബുദാബി > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ശക്തി തിയറ്റേഴ്സ് അബുദാബി അനുശോചിച്ചു. 1970 മുതൽ കേരളരാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ കേരളരാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു അധ്യായത്തിനു വിരാമം കുറിച്ചിരിക്കുകയാണെന്ന് ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി കെ മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേളി അനുശോചിച്ചു
റിയാദ് > മുതിർന്ന കോൺഗ്രസ് നേതാവും,മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന് രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കേളി സെക്രട്ടറിയേറ്റും കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി > മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പാർലമെന്ററി രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം ഭരണ-രാക്ഷ്ട്രീയ രംഗങ്ങളിൽ സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബിജോയ്, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഓർമ ദുബായ് അനുശോചനം രേഖപ്പെടുത്തി
ദുബായ് > മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ഓർമ ദുബായ് (ഓവർസീസ് മലയാളി അസോസിയേഷൻ) അനുശോചനം രേഖപ്പെടുത്തി. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ ഓർമയും ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.