ന്യൂഡൽഹി > പാർടി പിളർത്തിപ്പോയ അജിത് പവാറടക്കമുള്ള വിമത നേതാക്കൾ 24 മണിക്കൂറിനിടെ രണ്ടാം തവണ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ വിമതരുമായി അനുനയ നീക്കങ്ങൾക്ക് പവാർ വഴങ്ങിയില്ല. ബംഗളൂരുവിലെ പ്രതിപക്ഷ പാർടി യോഗത്തിൽ പങ്കെടുക്കുമെന്നും എൻസിപി വ്യക്തമാക്കി. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ലെന്നും പുരോഗമന രാഷ്ട്രീയവുമായി മുന്നോട്ടുപോകുമെന്നും ശരദ് പവാർ ഞായറാഴ്ച പ്രതികരിച്ചിരുന്നു.
പുറത്താക്കപ്പെട്ട എൻസിപി വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ഉപമുഖ്യമന്ത്രി അജിത് പവാർ, മറ്റ് മന്ത്രിമാർ, വിമതർ നിയമിച്ച സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെ തുടങ്ങിയവരാണ് പവാറിനെ സന്ദർശിച്ചത്. പാർടിയെ ഒറ്റക്കെട്ടായി നിർത്തണമെന്ന് അഭ്യർഥിച്ചുവെന്നും എന്നാൽ ശരദ് പവാർ അനുകൂലമായി പ്രതികരിച്ചില്ലന്നും പ്രഫുൽ പട്ടേൽ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന എൻഡിഎ യോഗത്തിൽ അജിത് പവാർ പങ്കെടുക്കുമെന്നും പട്ടേൽ പറഞ്ഞു.