ബംഗളൂരു> നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തറിയിച്ച് ബംഗളൂരുവിൽ യോഗത്തിന് തുടക്കം. പ്രതിപക്ഷത്തെ പ്രധാന 26 രാഷ്ട്രീയ കക്ഷികളിലെ 49 നേതാക്കൾ പങ്കെടുക്കുന്ന യോഗം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കൾ രാത്രി ഒരുക്കിയ അത്താഴവിരുന്നോടെയാണ് ആരംഭിച്ചത്.
പ്രതിപക്ഷത്തിന്റെ രണ്ടാം സംയുക്ത യോഗത്തിന് കോൺഗ്രസാണ് ആതിഥേയർ. ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായാണ് യോഗം. ചൊവ്വാഴ്ച പകൽ 11ന് ഔദ്യോഗിക യോഗം ആരംഭിക്കും. വൈകിട്ട് നാലിന് സംയുക്ത വാർത്താസമ്മേളനത്തിൽ ഭാവി പരിപാടി വിശദീകരിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), ജയന്ത് ചൗധരി (ആർഎൽഡി), പി കെ കുഞ്ഞാലിക്കുട്ടി, ഖാദർ മൊയ്ദീൻ, സാദിഖ് അലി ഷിഹാബ് തങ്ങൾ (മുസ്ലിം ലീഗ്), ജോസ് കെ മാണി (കേരള കോൺഗ്രസ്), പി ജെ ജോസഫ് (കേരള കോൺഗ്രസ് ജെ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), ജി ദേവരാജൻ (ഫോർവേർഡ് ബ്ലോക്ക്) തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. എൻസിപി നേതാവ് ശരദ് പവാർ ചൊവ്വാഴ്ച എത്തും. ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ നേതാക്കളെ സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് വരവേറ്റു.
പട്നയിൽ നടന്ന ആദ്യയോഗത്തിൽ 16 പാർടിയാണ് പങ്കെടുത്തത്. പിന്നീട് എട്ട് പാർടികൂടി രംഗത്തെത്തി. യുപിയിൽനിന്ന് അപ്നാദൾ (കൃഷ്ണ പട്ടേൽ വിഭാഗം), തമിഴ്നാട്ടിൽനിന്ന് മനിതനേയ മക്കൾ കക്ഷി (എംഎംകെ) എന്നീ പാർടികൾകൂടി എത്തിയതോടെ ആകെ കക്ഷികളുടെ എണ്ണം 26 ആയി. പ്രാദേശിക വിയോജിപ്പിനപ്പുറം രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള വിശാല ഐക്യപ്പെടൽ അനിവാര്യമാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ മുന്നേറ്റമായി യോഗം മാറും.
പൊതുവിഷയങ്ങളിൽ പാർലമെന്റിന് അകത്തും പുറത്തും യോജിച്ചുള്ള പ്രക്ഷോഭത്തിന് രൂപം നൽകും. വിശാല ഐക്യത്തിന് പുതിയ പേര് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. വരുംദിവസങ്ങളിൽ കൂടുതൽ കക്ഷികൾ കൂട്ടായ്മയിൽ അണിചേരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടർന്നുള്ള യോഗങ്ങളിലാകും ആലോചിക്കുക.