ന്യൂഡൽഹി> ഡൽഹി നിവാസികളെ ആശങ്കയിലാക്കി യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഹരിയാനയിൽ മഴ ശക്തമായതും ഹഥ്നികുണ്ഡ് അണക്കെട്ടിൽ നിന്ന് അധികജലം ഒഴുകുന്നതുമാണ് കാരണമെന്ന് മന്ത്രി അതീഷി മെർലേന പറഞ്ഞു. 205.58 മീറ്ററിൽ നിന്ന് 205.94 മീറ്ററായാണ് വർധന. 206.1 മീറ്റർ വരെയാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ആരും വീട്ടിലേക്ക് മടങ്ങരുതെന്ന് സർക്കാർ അഭ്യർഥിച്ചു.
വെള്ളക്കെട്ടിൽ കൊതുക് പെരുകിയത് ഡെങ്കിപ്പനിയും വ്യാപകമാക്കി. മൺസൂൺ തുടങ്ങിയതുമുതൽ 163 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ക്യാമ്പുകളിൽ ചെങ്കണ്ണ്, ചർമരോഗം തുടങ്ങിയവയും പടരുന്നുണ്ട്. രാജ് ഘട്ട് മുതൽ ശാന്തിഭവൻ വരെയുള്ള റോഡ് വെള്ളമിറങ്ങിയിട്ടും ചെളിമാറ്റാനാകാതെ അടച്ചിട്ടിരിക്കുകയാണ്.
വെള്ളമറിങ്ങിയ ചെങ്കോട്ട പരിസരം കോർപറേഷൻ വൃത്തിയാക്കി. ഗ്രേറ്റർ നോയിഡയിൽ യമുനയിൽ കുളിക്കാനിറങ്ങിയ രണ്ടുയുവാക്കളുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. രാജസ്ഥാനിലും തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമായി.
ഉത്തരാഖണ്ഡിലും പ്രളയം; ഹിമാചലിൽ മേഘവിസ്ഫോടനം
ഹിമാചൽ പ്രദേശിലെ കുള്ളു ജില്ലയിലുണ്ടായ മേഘവിസ്ഫോടത്തിൽ ഒരാൾ മരിച്ചു. മിന്നൽ പ്രളയത്തിൽ കിയാസ് ഗ്രാമത്തിലാണ് മരണം. തിങ്കളാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്ത് ഇതുവരെ മരിച്ചത് 118 പേരാണെന്നും 4,415 കോടിയുടെ നഷ്ടമുണ്ടായിയെന്നും ഹിമാചൽ സർക്കാർ വ്യക്തമാക്കി.
ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുകയാണ്. ലക്സർ, ഖാൻപുർ, റൂർക്കി, ഭഗവാൻപുർ, ഹരിദ്വാർ താലൂക്കുകളിലെ 71 ഗ്രാമത്തിൽ പ്രളയസമാനമായ സാഹചര്യമാണ്. ഹരിദ്വാറിലും ദേവപ്രയാഗിലും ഗംഗാ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. ഐടിബിപിയും സൈന്യവും ഉപയോഗിച്ചിരുന്ന ജോഷിമഠ്–-മലാരി റോഡിലെ പാലവും പ്രളയജലത്തിൽ തകർന്നു. 13 ജില്ലയിലും ഓറഞ്ച് അലർട്ട് തുടരുന്നു.