കൊച്ചി> കാലടി ശ്രീശങ്കര കോളേജിൽ ഇടുക്കി സ്വദേശിയായ ഒന്നാംവർഷ ബിരുദവിദ്യാർഥിനിക്ക് കെഎസ്-യു പ്രവർത്തകരിൽ നിന്ന് നേരിട്ടത് കടുത്ത മാനസികസമ്മർദം. മൂന്നുതവണയാണ് ഇവർ വിദ്യാർഥിനിയെ തടഞ്ഞ് നിർത്തി റാഗിങ്ങെന്ന പേരിൽ അപമാനിച്ചത്. വെള്ളിയാഴ്ച മൂന്നാംതവണയും ഇത് ആവർത്തിച്ചതോടെയാണ് വിദ്യാർഥിനി പ്രിൻസിപ്പലിന് പരാതി നൽകിയത്.
കെഎസ്യു നേതൃത്വത്തിൽ എല്ലാ ആഴ്ചയും കോളേജിൽ നടക്കുന്ന ‘തട്ടകം’ കലാപരിപാടിക്ക് ശേഷമായിരുന്നു സംഭവം. ക്ലാസിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞ് നിർത്തി സ്ഥലപ്പേര് വിളിച്ച് കളിയാക്കി. ക്ലാസിൽ ആരുമില്ലെന്നും ഇപ്പോൾ പോകണ്ടെന്നും പറഞ്ഞായിരുന്നു റാഗിങ്. പ്രതികൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്.റാഗിങ് ചോദ്യംചെയ്ത എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം സായന്ത് ശിവയെയും കെഎസ്യുക്കാർ മർദിച്ചു. സായന്ത് ശിവയാണ് കാലടി പൊലീസിൽ പരാതി നൽകിയത്.
ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെ കെഎസ്യു പ്രവർത്തകരും പുറത്തുനിന്നുള്ളവരുമെത്തി തടഞ്ഞു. തുടർന്നാണ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് രാജീവ് വാലപ്പൻ, കെഎസ്യു പ്രവർത്തകൻ ഡിജോൺ പി ജിബിൻ എന്നിവരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.