ന്യൂഡൽഹി> മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വസർമയ്ക്കെതിരെ പരാതി നൽകി സിപിഐ എം അസം സംസ്ഥാന കമ്മിറ്റി. ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിമിതര വിഭാഗങ്ങൾക്കുനേരെ വിദ്വേഷ പരാമർശം നടത്തിയ എഐയുഡിഎഫ് തലവൻ മൗലാന ബദറുദ്ദീൻ അജ്മലിനെതിരെയും കേസെടുക്കണമെന്നും സംസ്ഥാന സെക്രട്ടറി സുപ്രകാശ് താലൂക്ക്ദാർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഗുവാഹത്തിയിലെ ലതാസിൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പച്ചക്കറി വിലവർധനയ്ക്ക് കാരണം മുസ്ലിം വ്യാപാരികൾ ആണെന്നും അവരെ തുരത്തിയോടിക്കാൻ യുവാക്കൾ തയ്യാറാകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം.
ശത്രുത വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് വിഘാതം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഇരുവർക്കുമെതിരെ കേസ് എടുക്കണമെന്നും അല്ലെങ്കിൽ കോടതിയലഷ്യമാകുമെന്നും സിപിഐ എം പരാതിയിൽ വ്യക്തമാക്കി. സ്വതന്ത്ര രാജ്യസഭാംഗം അജിത് ഭൂയാനും ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.