ചെറുതോണി> വീടുകയറി ആക്രമിച്ച് നവവധുവിനെ തട്ടിക്കൊണ്ടുപോയ യൂത്ത് കോൺഗ്രസ്, കെഎസ്യു സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ തങ്കമണി പൊലീസ് കേസെടുത്തു. മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലം ഏനാദിമംഗലം സ്വദേശിനിയെ തട്ടികൊണ്ടുപോയതിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പത്തനാപുരം സ്വദേശി അനീഷ് ഖാൻ, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യദുകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്.
യുവതിയുടെ ഭർത്താവ് രഞ്ജിത്തിന്റെ ബന്ധുവിന്റെ ഇടുക്കി ഉദയഗിരിയിലെ വീടാക്രമിച്ചാണ് തട്ടികൊണ്ടുപോയത്. ഈ കേസിൽ പൊലീസ് ഇടപെട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ മജിസ്ട്രേറ്റ് അനുവദിച്ചെങ്കിലും കോടതിക്കു പുറത്തുനിന്ന് ഇതേസംഘം വീണ്ടും തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. അനീഷ്ഖാൻ യുവതിയുടെ ബന്ധുവാണ്.
കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി രഞ്ജിത്തും കൊല്ലം ഏനാദിമംഗലം സ്വദേശിനിയും നാലുവർഷമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച പരുത്തിമലയിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായിരുന്നു. യുവതിയുടെ വീട്ടുകാരുടെ ഭീഷണി ഭയന്നാണ് ഇരുവരും ബന്ധുവായ രമ്യയുടെ വീട്ടിലെത്തിയത്. ഞായർ പുലർച്ചെ മൂന്നിന് നാല് വാഹനങ്ങളിലെത്തിയ അനീഷ് ഖാനും യദുകൃഷ്ണനും സംഘവും രമ്യയുടെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. കൂടെ പോകാൻ വിസമ്മതിച്ച യുവതിയെ മർദിച്ച് ബോധരഹിതയാക്കി കാറിൽ കയറ്റി. മർദനമേറ്റ രഞ്ജിത്ത്, രമ്യ, ഭർത്താവ് സതീഷ്, സതീഷിന്റെ അച്ഛൻ രാജപ്പൻ എന്നിവർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ കുന്നിക്കോട് സ്റ്റേഷനിലും മർദനമേറ്റ രഞ്ജിത്തും ബന്ധുക്കളും തങ്കമണി സ്റ്റേഷനിലും പരാതി നൽകി. തട്ടിക്കൊണ്ടുപോയ വിവരം തങ്കമണി പൊലീസ്, കുന്നിക്കോട് സ്റ്റേഷനിൽ അറിയിച്ചിരുന്നു. അന്വേഷണം ആരംഭിച്ചതറിഞ്ഞ് അക്രമിസംഘം യുവതിയെ കുന്നിക്കോട് സ്റ്റേഷനിൽ എത്തിച്ചു. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ താൽപര്യപ്രകാരം രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു. ഇവിടെനിന്ന് ഓട്ടോറിക്ഷയിൽ കയറിയ വിവരം യുവതി രഞ്ജിത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ യാത്രയ്ക്കിടെ ഓട്ടോറിക്ഷ തടഞ്ഞ് യുവതിയെ വീണ്ടും തട്ടിക്കൊണ്ടുപോയെന്നാണ് വിവരം.
കോട്ടയത്തെ കെവിന്റെ അവസ്ഥ ഉണ്ടാകുമെന്ന് അനീഷ് ഖാനും സുഹൃത്തും ഭീഷണിപ്പെടുത്തിയതായി രഞ്ജിത്ത് പറഞ്ഞു.