കൊളംബോ> ഏഷ്യ എമർജിങ് കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എ സെമിയിലേക്ക്. നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തകർത്തു. യാഷ് ദൂളിന്റെയും സംഘത്തിന്റെയും തുടർച്ചയായ രണ്ടാംജയമാണിത്. നേപ്പാളിനെ 167 റണ്ണിന് പുറത്താക്കിയ ഇന്ത്യ 22.1 ഓവറിൽ അനായാസം ലക്ഷ്യംകണ്ടു. ഓപ്പണർ അഭിഷേക് ശർമയാണ് (69 പന്തിൽ 87) കളിയിലെ താരം. സ്കോർ: നേപ്പാൾ 167 (39.2), ഇന്ത്യ 1–-172 (22.1).
ആദ്യ കളിയിൽ യുഎഇയെ തോൽപ്പിച്ച ഇന്ത്യ നേപ്പാളിനെതിരെ ഓൾറൗണ്ട് പ്രകടനം നടത്തി. നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തി. രാജ്വർധൻ ഹൻഗർഗേക്കർ മൂന്നും ഹർഷിത് റാണ രണ്ടും വിക്കറ്റ് പിഴുതു. ക്യാപ്റ്റൻ രോഹിത് പൗദെലാണ് (65) നേപ്പാളിന്റെ ടോപ്സ്കോറർ. മറുപടിയിൽ ഇന്ത്യക്കായി ഓപ്പണർമാരായ അഭിഷേകും സായ് സുദർശനും (52 പന്തിൽ 58*) തകർപ്പൻ കളി പുറത്തെടുത്തു. 19 ഓവറിൽ 139 റൺ ചേർത്തു ഇരുവരും. അഭിഷേക് രണ്ട് സിക്സറും 12 ഫോറും പായിച്ചു. സായ് ഒരു സിക്സും എട്ട് ഫോറും. ധ്രുവ് ജുറെൽ 12 പന്തിൽ 21 റണ്ണുമായി പുറത്താകാതെനിന്നു.
മറ്റൊരു കളിയിൽ പാകിസ്ഥാൻ യുഎഇയെ 184 റണ്ണിന് തോൽപ്പിച്ചു. ബി ഗ്രൂപ്പിൽ നാല് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. ഇതേ പോയിന്റുള്ള പാകിസ്ഥാൻ റൺനിരക്കിൽ രണ്ടാമതായി. നാളെ പാകിസ്ഥാൻ എയുമായാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. ജയിച്ചാൽ സെമി ഉറപ്പിക്കാം.