നെടുങ്കണ്ടം > ഉത്തർപ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടിനത്തിൽ സ്വർണ്ണ മെഡൽനേടി ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ കുരുവിക്കാനം കിളിരുതയ്യിൽ അതുല്യ ബിജുവിന് സഹായവാഗ്ദാനവുമായി നെടുങ്കണ്ടം സിപിഐ എം ഏരിയ കമ്മിറ്റി. ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനായി ചിലവിനു പണം ഇല്ലാതെ വിഷമിക്കുകയായിരുന്നു അതുല്യയും കുടുംബവും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഏകദേശം മൂന്നുലക്ഷം രൂപയോളം ചെലവ് ആവശ്യമായി വരും. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പണം കണ്ടെത്തി മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിൽ ആയിരുന്നു അതുല്യയുടെ കുടുംബം.
സിപിഐ എം ഏരിയ സെക്രട്ടറി വി സി അനിലിന്റെ നേതൃത്വത്തിൽ അതുല്യയുടെ വീട്ടിലെത്തി മത്സരത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പണം സ്വരൂപിച്ച് നൽകാം എന്ന് അറിയിക്കുകയായിരുന്നു. ജെ പ്രദീപ്, നിർമ്മല നന്ദകുമാർ, ലത രാജാജി, ബി പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 2023 ഓഗസ്റ്റ് 24 തീയതി ഉസ്ബകിസ്ഥാനിൽ വച്ചാണ് മത്സരം നടക്കുന്നത്.