ചെന്നൈ > പതിമൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിന് മന്ത്രിസഭയിലെ മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറില്‍ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. 2006 ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ഖ്വാറി ലൈസന്‍സ് നല്കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഡി നടപടി. ഇഡി കസ്റ്റഡിലായിരുന്ന മന്ത്രി സെന്തൽ ബാലാജിയെ ഇന്ന് ജയിലിലേക്ക് മാറ്റിയിരുന്നു.
ജയലളിതയുടെ കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി.