തിരുവനന്തപുരം > കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ സെമിനാറിനെ പൊളിക്കാൻ നടത്തിയ ശ്രമത്തിലൂടെ ആർഎസ്എസിന്റേയും ബിജെപിയുടേയും സ്ലീപ്പിംഗ് ഏജന്റുമാരാണെന്ന് സ്വയം തെളിയിക്കുന്ന സ്ഥിതിയിലേക്കെത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുഡിഎഫില് നിസ്വാർഥമായി പ്രവർത്തിക്കുന്ന, ഏകീകൃത സിവിൽകോഡ് വരരുതെന്നും ഈ രാജ്യം രാജ്യമായി നിലകൊള്ളണമെന്നും ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും ഈ രാജ്യത്തിന്റെ വൈവിധ്യം എല്ലാവരും അംഗീകരിക്കണമെന്നും ആഗ്രഹമുള്ളവർ ഈ സ്ലീപ്പിംഗ് ഏജന്റുമാരെ തിരിച്ചറിയണം. കേരളത്തിലെ കോൺഗ്രസിനെ, ഈ സ്ലീപ്പിംഗ് ഏജന്റുമാർ ഇനിയും അപകടത്തിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാകുക. ഈ സെമിനാറിനെ എന്തിനിങ്ങനെ വക്രീകരിക്കാനുള്ള ശ്രമം നടത്തി. കോൺഗ്രസ് സെമിനാർ നടത്തുമ്പോൾ നടത്തരുതെന്നോ മറ്റോ ഞങ്ങളാരും പറയുന്നില്ലല്ലോ. അപ്പോൾ, ഇതിന്റെ പിന്നിൽ, കേരളത്തിൽ ഏകീകൃത സിവിൽകോഡിനെതിരായ വികാരം വരാതിരിക്കാൻ, കേരളത്തിൽ എല്ലാവരും ഒന്നിച്ച് നിലകൊള്ളുന്ന രാഷ്ട്രീയം തകരാൻ അവർ ആഗ്രഹിക്കുന്നു – മന്ത്രി പറഞ്ഞു.
“ഏകീകൃത സിവിൽ കോഡിനെതിരെ ഇന്നലെ കോഴിക്കോട് നടന്ന സെമിനാറിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണുണ്ടായത്. വളരെ കുറഞ്ഞ ദിവസമാണ് ഈ സെമിനാറിന്റെ സംഘാടനത്തിന് ഞങ്ങൾക്ക് ലഭിച്ചത്. ഭോപ്പാലിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി യുസിസി നടപ്പാക്കുമെന്ന സൂചന നൽകിയ ഉടനെതന്നെ ഇടതുപക്ഷ പ്രസ്ഥാനം ആലോചിച്ച് ഇത്തരമൊരു സെമിനാര് കോഴിക്കോട് നടത്താൻ തീരുമാനിച്ചു. കോഴിക്കോട് മാത്രമല്ല, വ്യാപകമായി ഇതു സംഘടിപ്പിക്കുമെന്ന് എൽഡിഎഫിന്റെ നേതൃത്വം ഇതിനോടകം പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. സെമിനാറിന്റെ ഒരു പൊതുചിത്രം ഇന്നലെക്കണ്ടതാണ്. നാലുമണിക്ക് സമയം പ്രഖ്യാപിച്ച സെമിനാറിന് കൃത്യസമയത്തുതന്നെ പതിനായിരക്കണക്കിനാളുകളെക്കൊണ്ട് ഹാൾ നിറഞ്ഞു. പുറത്തുപോലും ആളുകൾക്ക് നിൽക്കാനാകാത്ത അവസ്ഥയാണുണ്ടായത്. എല്ലാ വിഭാഗം ആളുകളും ഈ സെമിനാറിനോട് ഐക്യപ്പെട്ടുവെന്നതാണ് ഈ സെമിനാറിന്റെ അഭൂതപൂർവ്വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. വിവിധ മത- സാമുദായിക നേതാക്കൾ, പട്ടികജാതി- പട്ടിക വർഗ സംഘാടനാ നേതാക്കൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ യുസിസി നമ്മുടെ രാജ്യത്തുണ്ടാക്കുന്ന വിപത്തുകള് സെമിനാറിൽ തുറന്നു കാണിച്ചു. അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തോടെയുള്ള ഈ സെമിനാറിന്റെ വിജയം ഈ വിഷയത്തിൽ ഞങ്ങളെടുത്തിട്ടുള്ള നിലപാട് വളരെ ശരിയാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്.
ഇത്ര പെട്ടെന്ന് ചാടിവീഴണോ എന്നു ചോദിച്ചവർ, ഇത്തരം പ്രശ്നങ്ങളിൽ എല്ലാ ഘട്ടങ്ങളിലും ചാടിവീണിട്ടുള്ളത് സിപിഎമ്മും ഇടതുപക്ഷവുമാണെന്ന യാഥാർഥ്യം പലപ്പോഴും മറച്ചുവയ്ക്കാൻ ശ്രമിച്ചു. പൗരത്വ നിയമം നടപ്പാക്കാനുള്ള ശ്രമം നടന്ന സമയത്ത് ചാടിവീണ് എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയത് സിപിഐഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. നിയമസഭയിൽ അതിനെതിരെ പ്രമേയം അവതരിപ്പിച്ച ഇന്ത്യയിലെ സംസ്ഥാനം ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളമാണ്. ഇപ്പോൾ ഈ വിഷയത്തിലും അത്തരമൊരു നിലപാട് എടുത്തുകൊണ്ട് യുസിസി വിരുദ്ധ പോരാട്ടത്തിന് ഒരു കരുത്തായി ഇന്നലത്തെ സെമിനാർ മാറിയിരിക്കുകയാണ്. സെമിനാറുകൾ, പ്രക്ഷോഭങ്ങൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട് യോജിക്കാവുന്നവരെയെല്ലാം യോജിപ്പിച്ചുകൊണ്ട് നാട്ടിൽ ഇനിയും പ്രക്ഷോഭങ്ങൾ നടക്കണം. എല്ലാനിലയിലും അതിനെയൊക്കെ ഞങ്ങള് പിന്തുണയ്ക്കുകയാണ്.
ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെതിരെയുള്ള ഒരു സെമിനാർ പരാജയപ്പെടണം, അതില് ആളുകൾ പങ്കെടുക്കരുത്, ആ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയെയൊക്കെ വക്രീകരിക്കണം എന്ന് ബിജെപി ആഗ്രഹിക്കുന്നത് മനസ്സിലാക്കാം. കാരണം, മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പ്രക്ഷോഭങ്ങൾ നടത്തിയാൽപോലും ബി.ജെ.പി അതിനെയൊക്കെ വേട്ടയാടുകയും ശരിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ്. കേരളത്തിൽ അതു നടക്കില്ല എന്നുള്ളതുകൊണ്ടുതന്നെ സെമിനാറിനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ വന്നത് അവരുടെ നിലപാടാണ്, അവരതു പറയും. എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ ഈ സെമിനാർ പരാജയപ്പെടാനും ജനപങ്കാളിത്തം ഇല്ലാതാക്കാനും വൈവിധ്യമാർന്ന മേഖലകളിലുള്ളവർ പങ്കെടുക്കാതിരിക്കാനും സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയെ കുപ്രചരണത്തിലൂടെയും ദുർവ്യാഖ്യാനം ചെയ്തും മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ആ കോൺഗ്രസ് നേതാക്കന്മാർ ആർ.എസ്.എസിന്റെ സ്ലീപ്പിംഗ് ഏജന്റുമാരായ കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്.
യുദ്ധമുഖത്ത്, ഒരു ചേരിയിൽ നിന്നുകൊണ്ട് മറുചേരിയുടെ താൽപര്യം സംരക്ഷിക്കാൻ നിലകൊള്ളുന്നവരാണ് സ്ലീപ്പിംഗ് ഏജന്റുമാർ. ഒരു ചേരിയിൽ നിലകൊണ്ട്, അവസരം കിട്ടുമ്പോൾ ചാടിവീണ് അവരുടെ യഥാർഥ ചേരിക്കൊപ്പം നിലകൊള്ളാൻ ആഗ്രഹിക്കുന്നവരാണ് അവര്. എല്ലാ വിവരങ്ങളും ചോർത്തുന്നത് അവരാണ്. തങ്ങൾക്ക് കൂറുള്ള ചേരിയിലേക്ക് മറുചേരിയിൽ നിന്നുകൊണ്ട് കാര്യങ്ങൾ നീക്കുന്നവരാണ്. സാഹചര്യം ഒത്തുവന്നാൽ യഥാർഥ കൂറ് പരസ്യമായി പ്രഖ്യാപിക്കുന്നവരാണ്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ ഈ സെമിനാറിനെ പൊളിക്കാൻ നടത്തിയ ശ്രമത്തിലൂടെ ആർഎസ്എസിന്റേയും ബിജെപിയുടേയും സ്ലീപ്പിംഗ് ഏജന്റുമാരാണെന്ന് സ്വയം തെളിയിക്കുന്ന സ്ഥിതിയിലേക്കാണെത്തിയത്. യു.ഡി.എഫില് നിസ്വാർഥമായി പ്രവർത്തിക്കുന്ന, ഏകീകൃത സിവിൽകോഡ് വരരുതെന്നും ഈ രാജ്യം രാജ്യമായി നിലകൊള്ളണമെന്നും ഈ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും ഈ രാജ്യത്തിന്റെ വൈവിധ്യം എല്ലാവരും അംഗീകരിക്കണമെന്നും ആഗ്രഹമുള്ളവർ ഈ സ്ലീപ്പിംഗ് ഏജന്റുമാരെ തിരിച്ചറിയണം. കേരളത്തിലെ കോൺഗ്രസിനെ, ഈ സ്ലീപ്പിംഗ് ഏജന്റുമാർ ഇനിയും അപകടത്തിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാകുക. ഈ സെമിനാറിനെ എന്തിനിങ്ങനെ വക്രീകരിക്കാനുള്ള ശ്രമം നടത്തി. കോൺഗ്രസ് സെമിനാർ നടത്തുമ്പോൾ നടത്തരുതെന്നോ മറ്റോ ഞങ്ങളാരും പറയുന്നില്ലല്ലോ. അപ്പോൾ, ഇതിന്റെ പിന്നിൽ, കേരളത്തിൽ ഏകീകൃത സിവിൽകോഡിനെതിരായ വികാരം വരാതിരിക്കാൻ, കേരളത്തിൽ എല്ലാവരും ഒന്നിച്ച് നിലകൊള്ളുന്ന രാഷ്ട്രീയം തകരാൻ അവർ ആഗ്രഹിക്കുന്നു.
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്നുവരെ കോൺഗ്രസ് കേരളത്തിൽ ശക്തമായ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചിട്ടില്ല. മോദി കേരളത്തിൽ വന്നത് കേരളത്തിനുവേണ്ടി കാര്യങ്ങൾ പ്രഖ്യാപിക്കാനാണെങ്കിലും ആ വരവ് രാഹുല് ഗാന്ധിയുടെ അയോഗ്യതയുടെ പശ്ചാത്തലത്തിലായിരുന്നു. അപ്പോൾപോലും പ്രധാനമന്ത്രിക്കെതിരെ പ്രതികരിക്കാനോ ഒരു പ്രസ്താവന കൊടുക്കാനോ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. ഏകീകൃത സിവിൽകോഡാകട്ടെ, പൗരത്വ നിയമമാകട്ടെ, ആർട്ടിക്കിൾ 370 ആകട്ടെ, ഇന്ത്യയുടെ ഭരണഘടന വെല്ലുവിളി നേരിടുകയും മതസൗഹാർദ്ദം തകരുകയും ചെയ്യുന്ന ഘട്ടങ്ങളിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇത്തരത്തിലുള്ള നിലപാടെടുക്കുമ്പോൾ, കേരളം സടകുടഞ്ഞെഴുന്നേറ്റ് പ്രതികരിക്കുമ്പോൾ അതിനെ വൈരനിര്യാതന ബുദ്ധിയോടെ നേരിടാൻ കേന്ദ്ര സർക്കാർ പല തെറ്റായ നിലപാടുകൾ സ്വീകരിക്കുമ്പോഴും അത് തുറന്നുകാട്ടാൻ തയ്യാറാകാതെ ബിജെപിക്കൊപ്പം അവരാഗ്രഹിക്കുന്നതുപോലെ പരസ്യനിലപാടെടുക്കുന്നവരാണ് ഈ സ്ലീപ്പിംഗ് ഏജന്റമാർ. ഈ സ്ലീപ്പിംഗ് ഏജന്റുമാരെ ഇനിയെങ്കിലും ബന്ധപ്പെട്ടവർ തിരിച്ചറിയണം. ബിജെപി ആഗ്രഹിക്കുന്നതുപോലൊരു രാഷ്ട്രീയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഈ സ്ലീപ്പിംഗ് ഏജന്റുമാർ. ഇപ്പോൾ പരസ്യമായി ബിജെപിക്ക് പിന്തുണ കൊടുത്തുവരാൻ അവർക്കു സാധിക്കില്ല. കേരളം എന്തെന്ന് അവർക്കു നന്നായിട്ടറിയാം. അതുകൊണ്ട്, ബിജെപി ആഗ്രഹിക്കുന്നതുപോലുള്ള രാഷ്ട്രീയം നടപ്പാക്കുന്നതിനുവേണ്ടി കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ട് സ്ലീപ്പിംഗ് ഏജന്റ് പണിയെടുക്കുന്ന ഇവരെ കോൺഗ്രസിൽ നിസ്വാർഥമായി പ്രവർത്തിക്കുന്നവർ തിരിച്ചറിയണം എന്ന് ഞാൻ ഈ വേളയിൽ ഓർമപ്പെടുത്തുകയാണ്’ – റിയാസ് പറഞ്ഞു.