തിരുവനന്തപുരം > സെമിനാറിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിവാദങ്ങൾ അനാവശ്യമാണെന്നും സെമിനാറിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡിനെതിരെ നടന്ന സിപിഐ എം സെമിനാറിൽ ജയരാജൻ പങ്കെടുക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ തോതിൽ വാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം അനാവശ്യവിവാദങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രത്യേകതയൊന്നുമില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടി സെക്രട്ടറി വിമർശിച്ചിട്ടില്ലെന്നും സജീവമല്ല എന്ന പരാതി പാർടിക്ക് ഇല്ല എന്നും ജയരാജൻ കൂട്ടിച്ചേർത്തു.