അടൂർ > പത്തനംതിട്ട അടൂരിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കാമുകനെയും സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനത്തെ സംബന്ധിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് പ്രതികൾ ഒളിവിൽ പോകാൻ ശ്രമിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്തുവരിയാണ്. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർഥിനിയുടെ മൊഴി. പിന്നീട് കാമുകൻ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ നമ്പർ കൈമാറുകയും സൗഹൃദത്തിലാകാൻ നിർബന്ധിക്കുകയും പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്.