കാലടി > പെൺകുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്യുക്കാരെ സ്റ്റേഷനിൽ നിന്നിറക്കാൻ റോജി എം ജോൺ എംഎൽഎയുടെ ഗുണ്ടായിസം. ബെന്നി ബഹനാൻ എം.പിയും എംഎൽഎമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് കാലടി പൊലീസ് സ്റ്റേഷനിലെത്തി കെഎസ്യു പ്രവർത്തകരെ ഗുണ്ടായിസം കാണിച്ച് പുറത്തിറക്കാൻ ശ്രമിച്ചത്. പൊലീസുകാരെ ഭീഷണിപ്പെടുത്തി സെല്ലിൽനിന്ന് ഇറക്കിയെങ്കിലും സ്റ്റേഷനിൽനിന്ന് വിടാൻ പൊലീസ് അനുവദിച്ചില്ല.
കാലടി ശ്രീ ശങ്കര കോളേജിലുണ്ടായ സംഭവത്തെ തുടർന്നാണ് കെഎസ്യുക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരന്തരം ശല്യം ചെയ്ത കെഎസ്യു പ്രവർത്തകരോട് കഴിഞ്ഞ ദിവസം പെൺകുട്ടി എതിർത്ത് സംസാരിച്ചിരുന്നു. പെൺകുട്ടിയെ ക്ലാസിൽ കയറാൻ സമ്മതിക്കാത്തതിനെ ചോദ്യം ചെയ്ത സുഹൃത്തായ എസ്എഫ്ഐ പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ക്യാമ്പസിലെത്തിയ പൊലീസ് കെഎസ്യു പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് സംഘർഷമുണ്ടാക്കി. ഈ കേസുകളിലാണ് കെഎസ്യു ഗുണ്ടകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
റാഗിങ് സംഭവത്തിൽ പെൺകുട്ടി കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകിയിട്ടുണ്ട്. മർദ്ദിച്ച കെഎസ്യുക്കാർക്കെതിരെ എസ്എഫ്ഐ പ്രവർത്തകനും പരാതി നൽകി. സംഭവത്തിന് ശേഷം എസ്എഫ്ഐ പ്രവർത്തകൻ ചികിത്സയിലുള്ള ആശുപത്രിയിൽ മദ്യപിച്ചെത്തി കെഎസ്യുക്കാർ ബഹളമുണ്ടാക്കിയിരുന്നു.