കളമശേരി
ലോകമാകെ ഉറ്റുനോക്കിയ ഇന്ത്യയുടെ ചാന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള ഖരഇന്ധനത്തിന്റെ മുഖ്യചേരുവ നിർമിച്ചത് സംസ്ഥാന പൊതുമേഖലാ വ്യവസായമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി). ആദ്യഘട്ട ഇന്ധനത്തിനുള്ള ‘സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലാ’ണ് ടിസിസി നിർമിച്ചത്. ഏലൂരിലെ സംയുക്തപ്ലാന്റിലാണ് ഉൽപ്പാദനം നടന്നത്. എട്ടുവർഷമായി പ്രവർത്തനം തുടങ്ങിയിട്ട്. മാസത്തിൽ 145 ടൺ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് ജനറൽ മാനേജർ (ടെക്നിക്കൽ) ആർ രാജീവ് പറഞ്ഞു.
ചാന്ദ്രയാൻ 3ൽ 350 ടൺ സോഡിയം ക്ലോറേറ്റ് ഉപയോഗിച്ചു. ആലുവ എരുമത്തലയിലുള്ള ഐഎസ്ആർഒ എപിഇപിയിലേക്കാണ് ഇത് നൽകുന്നത്. അവിടെവച്ച് സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലിനെ അമോണിയം പെർ ക്ലോറേറ്റാക്കി മാറ്റും. അഭിമാനനിമിഷത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലെ ആഹ്ലാദത്തിലാണ് ടിസിസി മാനേജ്മെന്റും ജീവനക്കാരും.