കളമശേരി
വിനോദയാത്രയ്ക്കിടെ മോശം കാലാവസ്ഥയിൽ മണാലിയിൽ കുടുങ്ങിയ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘം തിരിച്ചെത്തി. ജീവിതം അപകടത്തിലായി എന്നു ഭയപ്പെട്ട നാലു ദിനരാത്രങ്ങൾ പിന്നിട്ടാണ് ഇരുപത്തേഴംഗസംഘം നാട്ടിലെത്തിയത്.
അടുത്തിടെ ഹൗസ് സർജൻസി പൂർത്തിയാക്കിയവരാണ് എല്ലാവരും. 10ന് ഡൽഹിയിൽനിന്ന് ട്രെയിനിൽ നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് കാലാവസ്ഥ മോശമായത്. ജൂൺ മുപ്പതിനാണ് കൊച്ചിയിൽനിന്ന് ഇവർ യാത്ര തിരിച്ചത്. അതിതീവ്ര മഴയിൽ എട്ടിന് മണാലിയിലേക്കുള്ള യാത്രയിൽ ഗ്രാംപുർ എന്ന സ്ഥലത്ത് വാഹനങ്ങൾ നിശ്ചലമായി. അഞ്ചു കിലോമീറ്റർ അകലെ കോക്സറിലെത്തിയതാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് കണ്ണൂർ സ്വദേശി ഡോ. രാഹുൽ രാംദാസ് പറഞ്ഞു. ഫോർച്യൂണർ വാഹനം സംഘടിപ്പിച്ച് സംഘത്തിലെ 17 വനിതകളെ മൂന്നു ട്രിപ്പായി മണാലിയിലെത്തിച്ചു. വാഹനം തിരികെ വരുമ്പോൾ റോഡിൽ കെട്ടിടങ്ങൾ തകർന്ന് വഴിയിൽ കുടുങ്ങി.
അന്നു രാത്രി 10 പുരുഷന്മാരും ഒരു കൊച്ചു ചായക്കടയിൽ തങ്ങി. ഒമ്പതിന് രാവിലെ കണ്ട പൊലീസുകാരനോട് കാര്യം പറഞ്ഞു. അയാളാണ് പരിസരത്തെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിച്ചത്. ആദ്യം ഒരു മുറി അനുവദിച്ചു. ഹീറ്റർ ഉണ്ടായിരുന്നത് ആശ്വാസമായി. പിന്നീട് ഒരു മുറികൂടി ലഭിച്ചു.
ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായി. സമീപത്ത് ഒരു ഹോട്ടലുണ്ട്. പക്ഷേ, പണമായി കൈയിലുള്ളത് ചെറിയ തുകമാത്രം. എന്നാൽ, ഒരു പരിചയവുമില്ലാത്ത കടക്കാരൻ അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ. പണം തരാൻ കഴിയുമ്പോൾ മതിയെന്നും ഭക്ഷണം നൽകാമെന്നും അയാളേറ്റു.
ഇതിനിടെ പൊലീസ് സ്റ്റേഷൻ വഴിയാണ് സുരക്ഷിതരാണെന്ന് നാട്ടിലറിയിച്ചത്. ബുധനാഴ്ച പ്രകൃതി ശാന്തമായി. ഇന്റർനെറ്റും വൈദ്യുതിയും ലഭിച്ചതോടെ ആശ്വാസമായി. സ്വകാര്യവാഹനത്തിൽ മണാലിയിൽ വനിതകൾ താമസിക്കുന്ന ഹോട്ടലിലെത്തി.
ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിന് ഫലംകണ്ടു. ഹിമാചൽ സർക്കാർ മണാലിയിൽ താമസസൗകര്യവും വ്യാഴാഴ്ച മണ്ഡിയിലേക്ക് വാഹനവും ഏർപ്പാടാക്കി. സർക്കാർ പ്രതിനിധികളായി എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും ഡോ. രവീന്ദ്രനും ഡൽഹിയിലെത്തി. വ്യാഴാഴ്ച എല്ലാവരും ഡൽഹിയിലേക്ക് തിരിച്ചു. ശനി ഉച്ചയോടെ മൂന്ന് സംഘമായി വിമാനത്തിൽ എല്ലാവരും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.