കൊച്ചി
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെയും ഐജി ജി ലക്ഷ്മണയെയും ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. എസ് സുരേന്ദ്രനോട് 29നും ലക്ഷ്മണയോട് 31നും പകൽ 11ന് കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റെസ്റ്റത്തിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യൽ.
തട്ടിപ്പിൽ ഇരുവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോട്ടോകളും വീഡിയോയും ഫോൺവിളിയുടെ -ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. ഇരുവരുടെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിൽ രണ്ടുമുതൽ നാലുവരെ പ്രതികളായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ജി ലക്ഷ്മണ, എസ് സുരേന്ദ്രൻ എന്നിവർ നൽകിയ ഉറപ്പിലാണ് പരാതിക്കാർ മോൻസണ് വൻതുക കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പുകേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണയെ പിന്നീട് സർവീസിൽ തിരിച്ചെടുത്തിരുന്നു.
മൊഴികളിലെ വൈരുധ്യം പരിശോധിച്ച് കെ സുധാകരനെയും തുടർന്ന് ചോദ്യംചെയ്യും. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിനെയും കസ്റ്റഡിയിലെടുത്ത് ഉടൻ ചോദ്യംചെയ്യും. ഡിജിറ്റൽ തെളിവുകളുടെ പരിശോധന 70 ശതമാനത്തിലധികം പൂർത്തിയായി.