തിരുവനന്തപുരം
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നപോര് പ്രഖ്യാപിച്ച ശോഭ സുരേന്ദ്രനെ എതിരിടാനുറച്ച് ഔദ്യോഗിക വിഭാഗം. ശോഭയുടെ നീക്കത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതിനുപുറമേ പരസ്യപ്രതികരണവുമായും നേതാക്കൾ എത്തി. വി മുരളീധരന്റെ പ്രതികരണം ഇതിന്റെ ഭാഗമാണ്. ‘ജനങ്ങളോട് ഉത്തരവാദിത്വമുള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അതുകൊണ്ടാണ് താൻ പ്രവർത്തിക്കുന്നത്’എന്നും മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാതിരിക്കാനും തന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാനും മുരളീധരൻ പരിശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ‘ജനം തീരുമാനിച്ചാൽ ഞാൻ ആറ്റിങ്ങലിൽ മത്സരിക്കു’മെന്ന് ശോഭ പ്രതികരിച്ചിരുന്നു.
പരിപാടികളിൽ പങ്കെടുപ്പിക്കാതെ അപമാനിക്കുന്നുവെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലും ശോഭ വെളിപ്പെടുത്തി. ഇതിനുശേഷം ഒരുവിഭാഗം നേതാക്കൾ ചേർന്ന് ശോഭയെ കോഴിക്കോട്ട് ഒരു പരിപാടിയുടെ ഉദ്ഘാടകയാക്കി. ഈ വേദിയിൽ നേതൃത്വത്തിനെതിരെ ശോഭ തുറന്നടിച്ചു. വി മുരളീധരന്റെ മന്ത്രിസ്ഥാനം വരദാനം കിട്ടിയതാണ്. സംസ്ഥാന ഉപാധ്യക്ഷയേക്കാൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കാണ്. അതിവേഗ റെയിൽപ്പാത വിഷയത്തിൽ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. പാർടി ഒറ്റയാൾ പട്ടാളമല്ല. താനുൾപ്പെടുന്ന സംസ്ഥാന കമ്മിറ്റി ചേർന്നശേഷം പറയുന്നതാണ് ബിജെപിയുടെ നിലപാടെന്ന് സുരേന്ദ്രനെ ലക്ഷ്യമിട്ടും ശോഭ പറഞ്ഞിരുന്നു. പാർടിവേദി ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു പരിപാടികളിലൂടെ സജീവമാകാനും അത്തരം വേദിയിൽ തനിക്ക് പറയേണ്ടത് പറയാനുമാണ് ശോഭയുടെ തീരുമാനം. ഔദ്യോഗികപക്ഷത്തോട് എതിർപ്പുള്ള നേതാക്കളെ കൂട്ടുപിടിച്ചാണ് ഈ നീക്കം.