മനാമ
കിഴക്കൻ സൗദി പ്രവിശ്യയിലെ അൽ അഹ്സയിൽ തീപിടുത്തിൽ മരിച്ച എട്ടുപേരെ തിരിച്ചറിഞ്ഞു. മലയാളി ഉൾപ്പെടെ പത്തുപേരാണ് മരിച്ചത്. തിരുവനന്തപുരം അരുവിക്കര അഴിക്കോട് വെഞ്ചമ്പി അജല്‍ മന്‍സിലില്‍ നിസാം(46,അജ്മൽ ഷാജഹാൻ) ആണ് മരിച്ച മലയാളി. പൂന്തുറ സ്വദേശിയാണ്. ഭാര്യ: നജ്മി. മക്കള്‍: അജല്‍, അന്‍സലന, അഫ്സല്. മരിച്ചവരിൽ അഞ്ചുപേർ ഇന്ത്യക്കാരും മൂന്നുപേർ ബംഗ്ലാദേശുകാരുമാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ അൽ അഹ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. പൊലിസ് അന്വേഷണം തുടങ്ങി.
വെള്ളി വൈകിട്ട് നാലോടെയാണ് ദുരന്തം. വ്യാവസായിക മേഖലയിലെ സ്ക്രാപ് യാർഡിനുസമീപത്തെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ് തീപിടിച്ചത്. 14 പേരാണ് ജോലിചെയ്തിരുന്നത്. നാലുപേർ പുറത്തായിരുന്നു. വർക്ഷോപ്പിന്റെ മുകളിലെ താമസ സ്ഥലത്ത് ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. മലയാളി നടത്തുന്നതാണ് സ്ഥാപനം എന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കനത്ത ചൂടും കാറ്റും വർക്ഷോപ്പിലെ സ്പോഞ്ചുകളിൽ തീപടർന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.