ചേർത്തല
മതത്തിനുള്ളിലെ ജാതിവിരുദ്ധതയാണ് കേരളീയ നവോത്ഥാനത്തിന് അടിസ്ഥാനമായതെന്ന് പ്രഭാഷകൻ ഡോ. സുനിൽ പി ഇളയിടം. കേരളത്തിൽ ഇപ്പോഴും ജാതീയമായ പിന്നോക്കാവസ്ഥ നിലനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാനസമിതി സംസ്ഥാന നേതൃക്യാമ്പിൽ ‘നവോത്ഥാനത്തിന്റെ സാമൂഹികാടിസ്ഥാനം’ എന്നവിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ വാഴ്ച, കർഷകപ്രസ്ഥാനം, മിഷണറി പ്രവർത്തനം തുടങ്ങിയവ പുതിയ മധ്യവർഗത്തെ കേരളത്തിൽ രൂപപ്പെടുത്തി. എന്നാൽ കീഴാളവിഭാഗത്തിലെ മധ്യവർഗത്തിന് സാമൂഹ്യയിടം പിന്നിൽത്തന്നെ തുടർന്നു. ഈ വൈരുധ്യം ചെറുതും വലതുമായ പ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും രൂപീകരണത്തിന് കളമൊരുക്കി. അങ്ങനെയാണ് കേരളത്തിൽ നവോത്ഥാന ചട്ടക്കൂട് രൂപപ്പെട്ടത്.
സവർണവിഭാഗങ്ങളെയും നവോത്ഥാനപ്രസ്ഥാനം സ്വാധീനിച്ചു. വൈക്കം സത്യഗ്രഹകാലത്തെ സവർണജാഥ അതിന്റെ ഭാഗമാണ്. പക്ഷെ 100 കൊല്ലം പിന്നിടുമ്പോൾ ശിവഗിരിയിലെ സന്യാസിമാർക്ക് മന്നംസമാധിയിലെത്താൻ അനുമതി നിഷേധിക്കുന്നതും കാണണം. അഖിലേന്ത്യാതലത്തിൽ മതനവീകരണമായാണ് നവോത്ഥാനം കണക്കാക്കപ്പെട്ടത്. മതത്തിന് മാത്രമല്ല സമൂഹത്തിനാകെയുള്ള പുരോഗതിയാണ് വേണ്ടതെന്ന് നിലപാടാണ് കേരളത്തിൽ ഉയർന്നത്. സാമൂഹ്യപുരോഗതി കൈവരിച്ചപ്പോഴും കേരളത്തിൽ ആദിവാസികളുടെയും ദളിതരുടെയും ദാരിദ്ര്യാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നത് ഗൗരവമായി കാണണം. മധ്യവർഗത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തുന്നതിലെ തീവ്രത ഈ വിഭാഗങ്ങളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.