തിരുവനന്തപുരം
കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ബിജെപി എന്നാൽ സംസ്കാരശൂന്യരുടെ കൂട്ടമാണ്. ആ സാംസ്കാരശൂന്യത വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുന്നു. മുഗൾഭരണവും സ്വാതന്ത്ര്യ സമരവും അടക്കം പാഠപുസ്തങ്ങളിൽനിന്ന് ഒഴിവാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും കെഎസ്ടിഎ സെക്രട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നേറാൻ ശ്രമിക്കുന്നതിനുപകരം കേന്ദ്രസർക്കാർ പുതുതലമുറയെ പിന്നോട്ടടിപ്പിക്കുകയാണ്. ഇതിനു ബദലായി വിദ്യാഭ്യാസ മേഖലയിലടക്കം സമഗ്രപുരോഗതിക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി വി രാജേഷ്, എം എസ് പ്രശാന്ത്, ജില്ലാ സെക്രട്ടറി സിജോവ് സത്യൻ എന്നിവർ സംസാരിച്ചു.