ലൊസ് ആഞ്ചലസ്
നിലനിൽപ്പിനായുള്ള ഹോളിവുഡിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻനിര താരങ്ങളും. വിഖ്യാത താരങ്ങളായ ജോർജ് ക്ലൂണി, ജേസൺ സുഡേകിസ്, സൂസൻ സരൻഡൻ, ഫ്രാൻസെസ് ഫിഷർ തുടങ്ങിയവര് സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. സംഘടനയ്ക്കും സഹപ്രവർത്തകർക്കും ഒപ്പം നിലകൊള്ളുന്ന് ഹോളിവുഡില് ചേക്കേറിയ ബോളിവുഡ്താരം പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചു.
ഏഴുമാസത്തിലേറെയായി പ്രക്ഷോഭത്തിലുള്ള 11,500 എഴുത്തുകാര്ക്ക് പിന്നാലെ 1.6 ലക്ഷം അംഗങ്ങളുള്ള താരസംഘടനയും സമരത്തിലേക്ക് നീങ്ങിയതോടെ വർഷാന്ത്യംവരെയെങ്കിലും ഹോളിവുഡ് നിശ്ചലമാകുമെന്ന് ഉറപ്പായി. ‘ഹോളിവുഡിനെ നിലനിർത്തുന്ന അഭിനേതാക്കൾക്കും എഴുത്തുകാർക്കും ജീവിക്കാനുള്ള വരുമാനം ഇല്ലാത്ത നിലയാണ്. ഇത് മാറ്റാനായുള്ള അഭിനേതാക്കളുടെ യാത്ര ഇവിടെ തുടങ്ങുന്നു’–-സൂപ്പര്താരം ജോർജ് ക്ലൂണി പ്രസ്താവനയിൽ പറഞ്ഞു.
വിവിധ സ്റ്റുഡിയോകളുടെ മുമ്പിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പ്ലക്കാർഡുകളുമായി മുൻനിര താരങ്ങളും അണിനിരന്നു. അവതാർ, ഗ്ലാഡിയേറ്റർ സിനിമാ പരമ്പരകളെയടക്കം സമരം ബാധിക്കും.