തിരുവനന്തപുരം
വിദേശ രാജ്യങ്ങളിൽ നഴ്സുമാരായി സേവനം അനുഷ്ഠിക്കാനുള്ള “ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റി’നായി 2022ൽ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ അപേക്ഷ സമർപ്പിച്ചത് കാൽലക്ഷത്തിലധികംപേർ. പത്തിലധികം രാജ്യത്തിലേക്കായി 25,233 അപേക്ഷയാണ് ലഭിച്ചത്. കൗൺസിലിന്റെ ചരിത്രത്തിൽ ഏറ്റവുമുയർന്ന കണക്കാണ് ഇത്. 2023ൽ ഇതിലും കൂടിയേക്കും. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ അപേക്ഷ.
29 ജീവനക്കാരുമായാണ് കൗൺസിൽ സംസ്ഥാനത്താകെയുള്ള നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും രജിസ്ട്രേഷൻ, പ്രൊഫഷണൽ സർട്ടിഫിക്കറ്റ്, യോഗ്യതാ പരിശോധന എന്നിവ നടത്തുന്നത്. അദാലത്ത് നടത്തി പരാതികൾ പരിഹരിക്കാനും നടപടിയെടുത്തു. വർഷം ഒരു ലക്ഷത്തിലധികം രജിസ്ട്രേഷൻ അപേക്ഷയാണ് തപാലിൽമാത്രം ലഭിക്കുന്നത്. 2022ൽ 1,07,202ഉം 2023ൽ ജൂലൈ ആദ്യവാരംവരെ 66,212 എണ്ണവും ലഭിച്ചു. “കോവിഡാനന്തരം അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർ അധികസമയം ജോലിചെയ്ത് പരമാവധി ഒരുമാസത്തിൽ തീർപ്പാക്കാനാണ് ശ്രമിക്കുന്നത് ’–– കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ പ്രസിഡന്റ് പി ഉഷാദേവി പറഞ്ഞു.
2022ൽ ബിഎസ്സി (കേരളത്തിനകത്ത്) നഴ്സുമാരായി 6189ഉം പുറത്ത് 3603ഉം രജിസ്ട്രേഷൻ അപേക്ഷയുണ്ട്. നഴ്സുമാരുടെ അധിക ആവശ്യം പരിഗണിച്ച് കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ സർക്കാർ നഴ്സിങ് കോളേജ് (60 സീറ്റ് വീതം) ആരംഭിച്ചിരുന്നു. നിലവിലുള്ള കോളേജുകളിൽ 92 ബിഎസ്സി നഴ്സിങ് വിദ്യാർഥികൾക്ക് അധിക പ്രവേശനവും നൽകി. വിദേശരാജ്യങ്ങളിൽ മന്ത്രി വീണാ ജോർജ് നടത്തിയ സന്ദർശനത്തിൽ കൂടുതൽ നഴ്സുമാരെ നൽകുന്നതിൽ ധാരണയായിരുന്നു.