പറവൂർ
‘കനത്ത കാറ്റും മഴയും. സഞ്ചരിച്ച ടെമ്പോ ട്രാവലറിനുമുന്നിലേക്ക് മലമുകളിൽനിന്ന് കല്ലുകൾ തെറിച്ചുവീണപ്പോൾ സർവവും നഷ്ടപ്പെട്ടെന്ന് തോന്നി.’ കനത്ത മഴയിലും പ്രളയത്തിലും മണാലിയിൽ കുടുങ്ങിയ യുവഡോക്ടർമാരുടെ സംഘത്തിലെ പറവൂർ സ്വദേശിനി സാമ്പ്രിക്കൽ അന്നു ജോസിന്റെ വാക്കുകൾ.
സ്പിത്തിവാലിയിൽനിന്ന് എട്ടിന് മണാലിയിലേക്കു തിരിച്ചുവരുമ്പോഴാണ് മഴയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായത്. 80 കിലോമീറ്റർ ഓഫ്റോഡിലൂടെ രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. വാഹനത്തിനുമുന്നിലേക്ക് കല്ല് വീണതോടെ പുരുഷഡോക്ടർമാർ പുറത്തിറങ്ങി. റോഡിൽനിന്നു കല്ല് തള്ളിമാറ്റി യാത്ര തുടർന്നു. മുന്നോട്ടുപോകുമ്പോഴും കല്ലുകൾ വീണുകൊണ്ടിരുന്നു. ഓഫ്റോഡ് അവസാനിക്കുന്ന “ഗ്രാംപുർ’ വില്ലേജിലെത്തിയപ്പോൾ കല്ലുകളിൽ തട്ടി വാഹനം ഒരുവശത്തേക്കു ചരിഞ്ഞു. ഒരു ടയർ പൊട്ടി. അതോടെ വണ്ടി തള്ളിനീക്കി. മൊബൈൽ റേഞ്ച് ലഭിച്ച ഒരാളുടെ ഫോണിൽനിന്ന് ഗൈഡ് മറ്റൊരു ഗൈഡിനെ വിളിച്ചു. അവർ വേറൊരു കാറിലെത്തി പലതവണയായി എല്ലാവരെയും പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു.
തുടർന്ന് വനിതകളെ മണാലിയിലെ ഹോട്ടലിലാക്കി. ഹോട്ടലിൽ വൈദ്യുതി ഇല്ലായിരുന്നു. വിഷമസന്ധിയിൽ നിൽക്കുമ്പോഴാണ് മന്ത്രി വീണാ ജോർജിന്റെ ഫോൺ കോൾ വന്നതെന്ന് അന്നു പറഞ്ഞു. സർക്കാരിന്റെ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. എടിഎം ഇല്ലാത്തതിനാൽ കൈവശമുള്ള പണം സൂക്ഷിച്ച് ചെലവാക്കണമായിരുന്നു. ഭക്ഷണം കുറച്ചുമാത്രമാണ് കഴിച്ചത്. ദിവസം ഒരുനേരം ഗൈഡുമാർ ഭക്ഷണം ഉണ്ടാക്കിനൽകി.
വെള്ളിയാഴ്ച ഡൽഹി കേരളഹൗസിലെത്തി. ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ വി തോമസ് ആദ്യഘട്ടംമുതൽ സഹായത്തിനുണ്ടായെന്ന് അന്നു. തിരുവനന്തപുരത്ത് എസ്ബിഐ ചീഫ് മാനേജരായ പറവൂർ സാമ്പ്രിക്കൽ ജോസ് വർഗീസിന്റെയും ഞാറക്കൽ ലിറ്റിൽ ഫ്ലവർ സ്കൂൾ അധ്യാപിക മേരിയുടെയും മകളാണ് അന്നു ജോസ്. സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ സഹായമാണ് ലഭിച്ചതെന്ന് അമ്മ മേരി പറഞ്ഞു.