തിരുവനന്തപുരം > കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ( കൊമേഴ്സ്യൽ വിഭാഗം) കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ. ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദയകുമാറാണ് ശനിയാഴ്ച പിടിയിലായത്. ബസിൽ പരസ്യം പതിക്കുന്ന കരാറെടുത്ത കരാറുകാരനിൽനിന്ന് 30,000 രൂപ കൈക്കൂലി വാങ്ങവെയാണ് അറസ്റ്റിലായത്.
കരാറിന്റെ ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിലേക്ക് സി ഉദയകുമാർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതിൽ 40,000 രൂപ ബുധനാഴ്ച ഉദയകുമാറിന് നൽകിയിരുന്നു. ബാക്കി തുകയിൽ 30,000 രൂപ വീണ്ടും കൈക്കൂലിയായി നൽകി. ഉദയകുമാറിനെ കണ്ട് ബില്ല് മാറുന്ന കാര്യം പറഞ്ഞപ്പോൾ ബാക്കി തുക തന്നില്ലെങ്കിൽ ഇനി മാറാനുള്ള പന്ത്രണ്ട് ലക്ഷം രൂപയുടെ ബില്ല് മാറിത്തരില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് തെക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വൈകിട്ട് ഏഴോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബ്ബിൽ 30,000 രൂപ വാങ്ങവെ അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഉദയകുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു.