ലണ്ടൻ
ഇംഗ്ലീഷ് മധ്യനിരക്കാരൻ ഡെക്ലൻ റൈസിനെ വെസ്റ്റ്ഹാമിൽനിന്ന് സ്വന്തമാക്കിയെന്ന് പ്രഖ്യാപിച്ച് അഴ്സണൽ. 2028 വരെയുള്ള കരാറിന് 1128 കോടി രൂപയാണ് ഇരുപത്തിനാലുകാരന് നൽകുന്നത്. ജാക്ക് ഗ്രീലിഷും ജൂഡ് ബെല്ലിങ്ഹാമിനും പിന്നാലെ ഇംഗ്ലണ്ടിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളായി റൈസ്.
ജനുവരിമുതൽ താരത്തിനു പിന്നാലെയുണ്ട് അഴ്സണൽ. രണ്ടുതവണ ഔദ്യോഗികമായി സമീപിച്ചിട്ടും വെസ്റ്റ്ഹാം വിട്ടുകൊടുത്തില്ല. ഇതിനിടെ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും ഈ ഡിഫൻസീവ് മിഡ്ഫീൽഡറെ സമീപിച്ചു. 14–-ാം വയസ്സുമുതൽ വെസ്റ്റ്ഹാമിലുണ്ട്. ആകെ 245 കളിയിലിറങ്ങി. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനുമായി. ഇംഗ്ലണ്ടിനായി ലോകകപ്പിൽ ഉൾപ്പെടെ 43 തവണ കുപ്പായമണിഞ്ഞു.