ലണ്ടൻ
വിംബിൾഡൺ ടെന്നീസിലൊരു അത്ഭുത ചാമ്പ്യൻ. സീഡ് ചെയ്യപ്പെടാതെ ടൂർണമെന്റിനെത്തി വനിതാ സിംഗിൾസ് കിരീടം നേടിയ ആദ്യ കളിക്കാരിയായി ചെക്ക് താരം മാർകെറ്റ വൻഡ്രൗസോവ. ഫൈനലിൽ ടുണീഷ്യയുടെ ഓൺസ് ജാബറെ 6–-4, 6–-4ന് കീഴടക്കി. വിംബിൾഡൺ നേടുന്ന മൂന്നാമത്തെ ചെക്ക് താരമാണ്. യാന നവോത്നയും പെട്ര ക്വിറ്റോവയുമാണ് മുൻഗാമികൾ. അപരിചിതത്വമോ പരിഭ്രമമോ ഇല്ലാതെ കലാശക്കളിയിൽ കാത്തിരുന്ന് കളംപിടിച്ച ഇരുപത്തിനാലുകാരി, ജാബറിനെ നിഷ്പ്രഭമാക്കി. കരുത്തുറ്റ ഷോട്ടുകളുമായി ആധിപത്യം നേടിയ ലോക 42–-ാംറാങ്കുകാരി ഒരു മണിക്കൂറും 20 മിനിറ്റുമെടുത്താണ് അവിസ്മരണീയ ജയം സ്വന്തമാക്കിയത്. രണ്ട് സെറ്റിലും പിന്നിട്ടുനിന്നശേഷമാണ് തിരിച്ചുവന്നത്. ചടുലമായ ക്രോസ്കോർട്ട് ഷോട്ടുകളും ബാക്ക്ഹാൻഡ് ഷോട്ടുകളും വിജയത്തിന് വഴിയൊരുക്കി. 2019ൽ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ചിട്ടുണ്ട്.
കൈക്കുഴയ്ക്ക് പരിക്കേറ്റ് കഴിഞ്ഞ സീസണിൽ ആറ് മാസം കളത്തിന് പുറത്തായിരുന്നു. വിംബിൾഡൺ അടക്കമുള്ള ടൂർണമെന്റുകളിൽ കാഴ്ചക്കാരിയായി. ഈ ദുരന്തകാലം ഓർമിച്ച് ഇരുകൈകളിലും കഥപോലെ പച്ചകുത്തിയിട്ടുണ്ട്. ‘മഴയില്ലെങ്കിൽ പൂക്കളുമില്ല’ എന്നെഴുതിയത് നഷ്ടത്തിന്റെയും നേട്ടത്തിന്റെയും ഓർമപ്പെടുത്തലാണ്. കിരീടനേട്ടത്തിൽ താരത്തിന്റെ ഈ മുഴുനീള ‘ടാറ്റു’വും ചർച്ചയാകുന്നു.
മൂന്നുതവണ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ ഫൈനലിലെത്തിയിട്ടും ആറാം റാങ്കുകാരിയായ ജാബറിന് കിരീടം സാധ്യമായില്ല. കഴിഞ്ഞവർഷം വിംബിൾഡണിലും യുഎസ് ഓപ്പണിലും ഫൈനലിൽ തോറ്റു.
പുരുഷ സിംഗിൾസ് ഫൈനൽ : ജൊകോയെ തടയാൻ അൽകാരെസ്
വിംബിൾഡൺ ടെന്നീസ് ഫൈനൽ ഇന്നും നാളെയും തമ്മിലുള്ള പോരാട്ടമാണ്. ഇന്നത്തെ ഇതിഹാസവും നാളത്തെ പ്രതിഭാസവും മുഖാമുഖം. പുരുഷ സിംഗിൾസ് ഫൈനലിൽ 36 വയസ്സുള്ള നൊവാക് ജൊകോവിച്ച് ഇരുപതുകാരനായ കാർലോസ് അൽകാരെസിനെ നേരിടും. സെർബിയക്കാരനായ ജൊകോവിച്ച് ഏഴുതവണ വിംബിംൾഡൺ നേടി. തുടർച്ചയായി അഞ്ചാംകിരീടമാണ് ലക്ഷ്യം. 24 ഗ്രാൻഡ്സ്ലാം കിരീടമെന്ന വിഖ്യാത ഓസ്ട്രേലിയൻ വനിതാതാരം മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്താൻ ഒറ്റ കിരീടം മതി. ലോക രണ്ടാംറാങ്കുകാരനായ ജൊകോ 35 തവണ ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ ഫൈനലിലെത്തി. ഇറ്റലിയുടെ ജന്നിക് സിന്നറെയാണ് സെമിയിൽ തോൽപ്പിച്ചത്.
പുരുഷ ടെന്നീസിലെ പുതിയ വിസ്മയമെന്നാണ് സ്പാനിഷ്താരം അൽകാരസ് വിശേഷിപ്പിക്കപ്പെടുന്നത്. 2021ൽ യുഎസ് ഓപ്പൺ നേടി വരവറിയിച്ചു. ഇത്തവണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ ജൊകോയോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. വിംബിൾഡണിൽ ആദ്യ ഫൈനലാണ്. സെമിയിൽ റഷ്യയുടെ ഡാനിൽ മെദ്വദെവിനെ കീഴടക്കി.