ഡൊമിനിക്ക
കരീബിയൻ മണ്ണിൽ രവിചന്ദ്ര അശ്വിന്റെ അശ്വമേധം. മുപ്പത്താറുകാരന്റെ മാന്ത്രികപ്പന്തുകൾ വെസ്റ്റിൻഡീസിനെ കറക്കിവീഴ്ത്തി. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ, രണ്ടുദിനം ബാക്കിനിൽക്കെ ഇന്നിങ്സിനും 141 റണ്ണിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ്. കളിയിലാകെ 12. അരങ്ങേറ്റത്തിൽ ഉജ്വല സെഞ്ചുറിയുമായി കളംനിറഞ്ഞ യശസ്വി ജയ്സ്വാളാണ് (171) കളിയിലെ താരം.
സ്കോർ: വിൻഡീസ് 150, 130 ഇന്ത്യ 5–-421 ഡി
271 റൺ ലീഡ് ബാധ്യതയുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വിൻഡീസ് 50.3 ഓവറിൽ തോൽവി സമ്മതിച്ചു. ഒരു ദിനംപോലും പിടിച്ചുനിൽക്കാനായില്ല. സ്വന്തം തട്ടകത്തിൽ കരീബിയൻ ബാറ്റർമാരിൽ ഒരാൾക്കും എതിർപ്പിന്റെ ചെറുവിരലനക്കാനായില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. ഏകദിന ലോകകപ്പ് യോഗ്യത നേടാതെ പോയതിനുപിന്നാലെ എത്തിയ വിൻഡീസിന് ഈ കടുത്ത തോൽവി മുറിവിൽ ഉപ്പുപുരട്ടുന്നതായി.
ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ കൂടുതൽ അപകടകാരിയായി. സ്പിന്നിന് ഉറച്ച പിന്തുണ നൽകിയ വിൻഡ്സൺ പാർക്കിൽ വലംകൈയൻ സമർഥമായി പന്തെറിഞ്ഞു. ബൗൺസും കറക്കവും കൃത്യമായി സമന്വയിപ്പിച്ചു. ടെസ്റ്റിലെ ഒന്നാംനമ്പർ ബൗളറെന്ന പേരിന് അടിവരയിടുന്ന പ്രകടനം. ക്യാപ്റ്റൻ ക്രയ്ഗ് ബ്രൈത്വൈറ്റ് (7), ജെർമയ്ൻ ബ്ലാക്വുഡ് (5), അലിക് അതാനാസ് (28), അൽസാരി ജോസഫ് (13), റഖീം കൊൺവാൾ (4), കെമാർ റോച്ച് (0), ജോമൽ വാരികാൻ (18) എന്നിവർ മുട്ടുമടക്കി. 21.3 ഓവറിൽ 71 റൺ വഴങ്ങിയാണ് ഏഴ് വിക്കറ്റ്. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.വ്യാഴാഴ്ച പോർട്ട് ഓഫ് സ്പെയ്നിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.
അശ്വിൻ 709*
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി ആർ അശ്വിൻ. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 271 കളിയിൽ 709 വിക്കറ്റായി. ഹർഭജൻ സിങ്ങിനെയാണ് (707) മറികടന്നത്. അനിൽ കുംബ്ലെയാണ് ഒന്നാമത്. ഈ മുൻ സ്പിന്നർക്ക് 401 കളിയിൽ 953 വിക്കറ്റുണ്ട്. ടെസ്റ്റിൽ ഇത് എട്ടാംതവണയാണ് അശ്വിൻ 10 വിക്കറ്റ് പ്രകടനം നടത്തുന്നത്. കുംബ്ലെയുടെ റെക്കോഡിന് ഒപ്പമെത്തി.