പാരീസ്
ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായി. ഇന്ത്യൻ സൈനികരും പങ്കെടുത്ത പരേഡിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങിയ റഫേൽ ജെറ്റുകളും പ്രദർശിപ്പിച്ചു. ഇന്ത്യ–- ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ രജതജൂബിലി വർഷത്തിൽ 241 ഇന്ത്യൻ സൈനികരാണ് പരേഡിന്റെ ഭാഗമായത്.
പ്രസിഡന്റിന്റെ വസതിയായ എലിസീ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജൺ ഓഫ് ഓണർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണില് നിന്നും മോദി സ്വീകരിച്ചു.
നാക്കു പിഴച്ച് മോദി
ഫ്രാൻസിലെ ഇന്ത്യൻ വംശജരോട് സംവദിക്കവെ, ഫ്രഞ്ച് ഫുട്ബോൾതാരം കിലിയൻ എംബാപ്പെയെ പുകഴ്ത്താനും മോദി മറന്നില്ല. എംബാപ്പെയ്ക്ക് ഫ്രാൻസിൽ ഉള്ളതിനെക്കാൾ സുഹൃത്തുക്കൾ ഇന്ത്യയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രസംഗത്തിനിടയിൽ നാക്കുപിഴച്ച് താരത്തിന്റെ പേര് ‘കിലിയൻ മാപെ’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.