തിരുവനന്തപുരം
സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗങ്ങളിലെ യുവതയെ സ്റ്റാർട്ടപ് രംഗത്ത് സജീവമാക്കാനും തൊഴിൽദാതാക്കളാക്കി മാറ്റാനും ലക്ഷ്യമിട്ട് ഉന്നതി സ്റ്റാർട്ടപ് മിഷന് തുടക്കം കുറിക്കുന്നു. തലസ്ഥാനത്ത് ഉന്നതി സ്റ്റാർട്ടപ് സിറ്റിയും സ്ഥാപിക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ കേരള എംപവർമെന്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ഇതിനായി കേരള സ്റ്റാർട്ടപ് മിഷനും എംപവർമെന്റ് സൊസൈറ്റിയും ധാരണപത്രം ഒപ്പിട്ടു.
തിരുവനന്തപുരം മണ്ണന്തലയിൽ പട്ടികവിഭാഗവകുപ്പിന്റെ ഉടമസ്ഥതയിലെ 10 ഏക്കറിൽ 5000 ചതുരശ്രയടിയിലാണ് ഉന്നതി സ്റ്റാർട്ടപ് സിറ്റി സ്ഥാപിക്കുക. ഐടി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളിൽ പിന്നോക്ക വിഭാഗങ്ങളിലെ സംരംഭകർക്ക് ഇൻകുബേഷൻ സൗകര്യങ്ങളും പിന്തുണയും ലഭിക്കും.
ഉന്നതിയിലെ പ്രധാന പങ്കാളിത്തം (51 ശതമാനവും അതിൽ കൂടുതലും) പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ അംഗങ്ങൾക്കായിരിക്കും. ഏകീകൃത ബ്രാൻഡിങ്, വിപണനം, വിൽപ്പന എന്നിവയ്ക്കായി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് ഉന്നതി സഹായകമാകും. സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങൾ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. നിലവിലുള്ള ബിസിനസ് നവീകരിക്കാൻ വായ്പാ സൗകര്യവും ഒരുക്കും. നൈപുണ്യ- സംരംഭകത്വ വികസന പരിപാടികൾ, നേതൃത്വ ശിൽപ്പശാലകൾ, മെന്റർഷിപ്, നിക്ഷേപക സംഗമങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും എംപവർമെന്റ് സൊസൈറ്റി സിഇഒ പ്രശാന്ത് നായരുമാണ് ധാരണപത്രം ഒപ്പുവച്ചത്. പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡി ആർ മേഘശ്രീ, ജോയിന്റ് ഡയറക്ടർ മുരളി എം നായർ എന്നിവരും പങ്കെടുത്തു.