തിരുവനന്തപുരം
കേരളത്തിൽ അതിവേഗപാത വേണമെന്ന് 10 വർഷംമുമ്പ് പറഞ്ഞ് വിശദപദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് പോയവരാണ് കോൺഗ്രസും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. ഡിഎംആർസിയാണ് ഡിപിആർ തയ്യാറാക്കിയത്. പദ്ധതിക്ക് ജപ്പാനിൽനിന്ന് വായ്പയെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് അനുവദിച്ചിരുന്നു.
തിരുവനന്തപുരംമുതൽ മംഗളൂരുവരെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ, 560 കിലോമീറ്റർ നീളത്തിലായിരുന്നു പദ്ധതി വിഭാവനം. 1,18,050 കോടിയാണ് ചെലവ് കണ്ടത്. ചെലവിന്റെ 80 ശതമാനം ജപ്പാൻ സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 40 വർഷത്തേക്ക് ലഭിക്കുന്ന തുകയ്ക്ക് ആദ്യ 10 വർഷം മൊറട്ടോറിയം ലഭിക്കുമെന്നും മിച്ചം തുക പ്രവർത്തനലാഭത്തിൽനിന്ന് അടച്ചുതീർക്കാനാകുമെന്നുമാണ് അന്ന് അതിവേഗ റെയിൽ കോർപറേഷൻ ചെയർമാൻ ടി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. അഞ്ചുവർഷംകൊണ്ട് കൊച്ചിവരെയുള്ള പാത പൂർത്തിയാക്കാനും കോഴിക്കോടുവരെ പൂർത്തിയാക്കാൻ ആറുവർഷവും മംഗളൂരുവരെ ഏഴുവർഷവുമാണ് പരിധി നിശ്ചയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് വിവിധ നിർദേശങ്ങളും അന്ന് സർക്കാർ മുന്നോട്ടുവച്ചു. സ്റ്റാൻഡേർഡ് ഗേജാണ് അന്നും കണ്ടത്. എട്ടു കോച്ചിലായി 817 പേർക്ക് യാത്ര ചെയ്യാമെന്നായിരുന്നു വാദം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്താൻ 142 മിനിറ്റാണ് കണക്കാക്കിയത്.
2012ലെ സർവകക്ഷിയോഗത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ആസൂത്രണ ബോർഡ് അംഗം സി പി ജോൺ, ബിജെപി നേതാവ് ജെ ആർ പദ്മകുമാർ എന്നിവർ പങ്കെടുത്തിരുന്നു. എന്നാൽ,
സോളാർ അഴിമതി, വിഴിഞ്ഞം പദ്ധതി അഴിമതി തുടങ്ങിയ ആരോപണങ്ങൾ നേരിട്ട സർക്കാർ അതിവേഗപ്പാതയിൽനിന്ന് പിന്നാക്കം പോകുകയായിരുന്നു.