ഡൊമനിക്ക
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കളംപിടിക്കുന്നു. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 250 റൺ ലീഡായി. നാല് വിക്കറ്റ് നഷ്ടത്തിൽ 400 റണ്ണെന്ന നിലയിലാണ്. മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് പട നയിക്കുന്നത്. ഈ വലംകെയൻ 72 റണ്ണുമായി ക്രീസിലുണ്ട്. രവീന്ദ്ര ജഡേജയാണ് (21) കൂട്ട്. അരങ്ങേറ്റക്കാരൻ ഓപ്പണർ യശസ്വി ജയ്സ്വാൾ 171 റണ്ണുമായി മടങ്ങി.
മൂന്നാംദിനം 2–-312ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി ജയ്സ്വാളും കോഹ്ലിയും നല്ല തുടക്കമിട്ടു. മൂന്നാംവിക്കറ്റിൽ ഇരുവരും 110 റൺ ചേർത്തു. 360 പന്തിൽ 150 റൺ തികച്ച ജയ്സ്വാൾ ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പിലായിരുന്നു. എന്നാൽ, അൽസാരി ജോസഫിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ്വാ ഡിസിൽവയ്ക്ക് പിടികൊടുത്ത് മടങ്ങി. ഒരു സിക്സറും 16 ബൗണ്ടറിയും ആ മനോഹര ഇന്നിങ്സിന് മിഴിവേകി. ജയസ്വാളിന് പിന്നാലെ എത്തിയ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയെ നിലയുറപ്പിക്കുംമുമ്പേ വിൻഡീസ് പുറത്താക്കി. 11 പന്തിൽ മൂന്ന് റൺ മാത്രമാണ് രാഹാനെയ്ക്ക് നേടാനായുള്ളു. കെമർ റോച്ച്, അൽസാരി, ജോമൽ വാരികൻ, അലിക് അതാൻസ എന്നിവർ കരീബിയക്കാർക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.