ദുബായ് > സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം. തട്ടിപ്പുകാർ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ലോഗോ ഉപയോഗിക്കുന്നതും പണം തട്ടുവാനായി നിരവധി പേരെ ബന്ധപ്പെടുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് മുന്നറിയിപ്പ് നൽകിയത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ലോഗോ പതിച്ച, ‘ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ നോട്ടീസ്’ എന്ന നിലയിലാണ് ഇവർ വിതരണം ചെയ്യുന്നത്. ഉപഭോക്താക്കളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.അല്ലാത്തപക്ഷം അക്കൗണ്ട് ഫ്രീസായിപ്പോകുമെന്നും പറയുന്നു. ഇത്തരം മെസേജുകൾ ഏതെങ്കിലും ഓൺലൈൻ ചാനലുകൾ വഴിലഭിച്ചാൽ അവഗണിക്കണമെന്നും ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്ക് റിപ്പോർട്ട് ചെയ്യണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് മുമ്പും സമാനമായ രീതിയിൽ വ്യാജ നോട്ടീസുകൾ അയച്ച് തട്ടിപ്പ് നടന്നിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചതിനു ശേഷം പണംതട്ടുക എന്നതാണ് ഇവരുടെ രീതി .ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസിന്റെയും മറ്റും പേരിൽ തട്ടിയെടുക്കാനുള്ള ശ്രമവും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ വഴിയും ഫോൺ വഴിയും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്ന് പല തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു സാഹചര്യത്തിലും ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറരുതെന്നും സംശയകരമായ ഫോണ്‍ കാളുകളോകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിർദ്ദേശമുണ്ട് . ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എ.ടി.എം. പിന്നുകള്‍, സെക്യൂരിറ്റി നമ്പര്‍ (സി.സി.വി) മുതലായ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. ഇത്തരം വിവരങ്ങള്‍ ആരെങ്കിലുമായി പങ്കുവെച്ചുപോവുകയും പണം അവര്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്തുവെന്ന് കണ്ടെത്തിയാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.