കൊൽക്കത്ത
വ്യാപക അക്രമവും ബൂത്തുപിടിത്തവുമുണ്ടായ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി. ലഭിച്ച പരാതികൾ മുഴുവൻ പരിശോധിച്ച് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഫലം പ്രാബല്യത്തിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരൻമയ് ഭട്ടാചാര്യ എന്നിവരുടെ ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാം അംഗങ്ങളെയും ഇക്കാര്യം രേഖാമൂലം അറിയിക്കണം.
വമ്പൻ ഇടതുമുന്നണി റാലി
തെരഞ്ഞെടുപ്പിന്റെ പേരിൽ തൃണമൂൽ അഴിച്ചുവിട്ട വ്യാപക ആക്രമണത്തിനും ബൂത്തുപിടിത്തത്തിനും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്ക്രിയത്വത്തിനുമെതിരെ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടന്നു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബി അംഗം സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ്, ഐഎസ്എഫ് പ്രവർത്തകരും പങ്കാളികളായി. രാജ്യത്ത് ഏറ്റവും വലിയ ജനാധിപത്യ കശാപ്പാണ് പശ്ചിമ ബംഗാളിൽ അരങ്ങേറിയതെന്ന് റാലി ഉദ്ഘാടനം ചെയ്ത് മുഹമ്മദ് സലിം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചശേഷം ഇതുവരെ ബംഗാളില്‍51 പേർ കൊല്ലപ്പെട്ടു.