ഡൊമനിക്ക
രാജ്യാന്തര ക്രിക്കറ്റിൽ 700 വിക്കറ്റെന്ന കടൽ കടന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. ഡൊമനിക്കയിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഈ നേട്ടം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമായി 700 കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനാണ്. ക്രിക്കറ്റിലാകെ പതിനേഴാമനും.
മുപ്പത്താറുവയസ്സിനിടെ 93 ടെസ്റ്റ് കളിച്ച് 479 വിക്കറ്റ് നേടി. 2011ൽ വെസ്റ്റിൻഡീസിനെതിരെ ന്യൂഡൽഹിയിലായിരുന്നു അരങ്ങേറ്റം. 113 ഏകദിനത്തിലായി 151 വിക്കറ്റുണ്ട്. 65 ട്വന്റി20യിൽ 72. ആകെ വിക്കറ്റ് നേട്ടം 702. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായിട്ടും തമിഴ്നാട്ടുകാരനെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് പരിഗണിക്കാതിരുന്നത് വലിയ വിമർശത്തിന് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വിൻഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയത്.
ഒന്നാംദിവസം 24.3 ഓവറിൽ 60 റൺ വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ടെസ്റ്റിൽ 33–-ാംതവണയാണ് ഈ നേട്ടം. ക്യാപ്റ്റനും ഓപ്പണറുമായ ക്രെയ്ഗ് ബ്രത്വെയ്റ്റ്, തേജ്നരെയ്ൻ ചന്ദർപോൾ, അലിക് അതനാസ്, അൽസാരി ജോസഫ്, ജോമൽ വാരികൻ എന്നിവരുടെ വിക്കറ്റാണ് നേടിയത്. അതിൽ തേജിന്റെ വിക്കറ്റ് അപൂർവബഹുമതിക്ക് കാരണമായി. അച്ഛന്റെയും മകന്റെയും വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. മുൻ വിൻഡീസ് ക്യാപ്റ്റനായിരുന്ന ശിവ്നരീൻ ചന്ദർപോളിന്റെ മകനാണ് തേജ്. 12 വർഷംമുമ്പ് അച്ഛൻ ചന്ദർപോളിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയാണ് അശ്വിൻ പുറത്താക്കിയത്. 2015ൽ ക്രിക്കറ്റിൽനിന്ന് അച്ഛൻ ചന്ദർപോൾ വിരമിച്ചു. മകൻ കഴിഞ്ഞവർഷമാണ് അരങ്ങേറിയത്.
ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ദക്ഷിണാഫ്രിക്കൻ സ്പിന്നർ സിമൺ ഹാർമനും ഈ അച്ഛനെയും മകനെയും പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ പിതാവിന്റെയും പുത്രന്റെയും വിക്കറ്റെടുത്ത ബഹുമതി മറ്റു രണ്ട് ഇതിഹാസ താരങ്ങൾക്കുകൂടിയുണ്ട്. പാകിസ്ഥാൻ പേസർ വസിം അക്രവും ഇംഗ്ലണ്ടിന്റെ ഇയാൻ ബോതവും. ഇരുവരും പുറത്താക്കിയത് ന്യൂസിലൻഡ് താരങ്ങളായിരുന്ന ലാൻസ് കെയ്ൻസിനെയും ക്രിസ് കെയ്ൻസിനെയുമാണ്.
വിക്കറ്റ് നേട്ടക്കാർ
(വിക്കറ്റ്, ഇന്നിങ്സ്)
അനിൽ കുംബ്ലെ 953 (449 )
ഹർഭജൻ സിങ് 707 (442)
ആർ അശ്വിൻ 702 (351)
കപിൽദേവ് 687 (448)
സഹീർഖാൻ 597 (373)