കൊച്ചി > അധ്യാപകന്റെ കൈവെട്ടിയത് രാജ്യത്തെ മതനിരപേക്ഷഘടനയെ വെല്ലുവിളിച്ച ഭീകരപ്രവർത്തനമെന്ന് എൻഐഎ പ്രത്യേക കോടതി. സമാന്തര മതാധിഷ്ഠിത നിയമസംവിധാനം സ്ഥാപിക്കാനാണ് പ്രതികൾ ശ്രമിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ പ്രവൃത്തി. ഭരണഘടനയും നിയമവാഴ്ചയുമുള്ള രാജ്യത്തിന് ഇത്തരം ചെയ്തികൾ വച്ചുപൊറുപ്പിക്കാനാകില്ല. സംസ്കാരത്തിനും മാനവികതയ്ക്കും സുരക്ഷയ്ക്കും എതിരെയുള്ള പ്രധാന ഭീഷണികളിലൊന്നാണ് ഭീകരവാദം.
ഏറ്റവും പ്രാകൃത പ്രവൃത്തിയാണ് പ്രതികളിൽനിന്നുണ്ടായത്. നിയമം കൈയിലെടുത്ത പ്രതികൾ അധ്യാപകന്റെ നടപടി മതനിന്ദയായി പ്രഖ്യാപിച്ച് മതഗ്രന്ഥപ്രകാരം വലതുകൈ വെട്ടിമാറ്റി ശിക്ഷിക്കുകയായിരുന്നു. പ്രൊഫസർ നേരിട്ട മാനസിക സമ്മർദവും ശാരീരിക വേദനയും ഭയാനകമാണ്. സംഭവത്തിന് സാക്ഷിയായ ഭാര്യ മാനസിക സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. ഇരയുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ ശിക്ഷ ഉറപ്പായും കടുത്തതാകണം. ഭീകര പ്രവർത്തനത്തിലൂടെ പ്രതികൾ ജനങ്ങളുടെ മനസിൽ ഭീതി പടർത്തി. രാജ്യതാൽപ്പര്യം പരിഗണിച്ച് സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രതിരോധിക്കാനും കഴിയുന്ന തരത്തിലുള്ള കഠിനശിക്ഷ അനിവാര്യമാണ്. പ്രതികൾ യാതൊരു ദയയും ഇളവും അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.