മഞ്ചേരി > ഗ്രാമസഭയ്ക്കിടെ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പറമ്പന്‍ മിഥുനയെ ആക്രമിച്ച കേസില്‍ അഞ്ച് ലീഗുകാര്‍ക്ക് മൂന്നുവര്‍ഷവും പത്ത് മാസവും കഠിന തടവും 9000 രൂപ പിഴയും ശിക്ഷ. ലീഗ് പ്രവര്‍ത്തകരായ പള്ളിക്കല്‍ കൊടക്കാട്ടകത്ത് അബ്ദുല്‍ ലത്തീഫ് (49), കെഎസ് ഹൗസില്‍ ജുനീര്‍ (42), മങ്ങാട്ടുപുറം വീട്ടില്‍ യൂനസ് അലി (47), ഫായിസ് ഹൗസില്‍ ഫവാസ് (47), കമ്പളത്ത് വീട്ടില്‍ അബ്ദുല്‍ ഹമീദ് (58) എന്നിവരെയാണ് മഞ്ചേരി പട്ടികജാതി-വര്‍ഗ കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.
ലഹളനടത്തിയ കുറ്റത്തിന് രണ്ടു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. അടിച്ചു പരിക്കേല്‍പ്പിച്ചതിന് ഒരുവര്‍ഷം തടവും 1000 രൂപ പിഴയും, നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് ആറുമാസം തടവും 1000 രൂപ പിഴയും തടഞ്ഞുവെച്ചതിന് ഒരുമാസം തടവും 500 രൂപ പിഴയും അനുഭവിക്കണം. പോകാന്‍ അനുവദിക്കാതെ വനിതക്ക് ചുറ്റംകൂടി നിന്ന കുറ്റത്തിന് മൂന്നുമാസം തടവും 1000 പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സത്താര്‍ തലാപ്പില്‍ ഹാജരായി.
2019 നവംമ്പര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. മിഥുന പ്രതിനിധീകരിക്കുന്ന ഒന്നാം വാര്‍ഡ് ഗ്രാമസഭാ യോഗത്തിനിടെയായിരുന്നു അക്രമം. ജുനൈദ്, യൂനുസ്, ഫവാസ്, എടക്കണ്ടി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മിഥുനയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരിന്നു. ഗ്രാമസഭ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരിന്നു ലീഗുകാരുടെ അക്രമം. എണ്ണം തികയാത്തതിനാല്‍ ഗ്രാമസഭ മാറ്റിവയ്ക്കാമെന്ന് അറിയിച്ചപ്പോള്‍ ലീഗ് നേതാക്കളെ അറിയിക്കാത്തതിനാല്‍ യോഗംമാറ്റി എന്ന് മിനുട്സില്‍ എഴുതണമെന്ന് അക്രമികള്‍ വാശിപിടിച്ചു. ഇത് അംഗീകരിക്കാഞ്ഞപ്പോഴാണ് സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചു വിട്ടത്. പരിക്കേറ്റ മിഥുനയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗ മിനുട്സടക്കം പഞ്ചായത്ത് രേഖകളും കീറിനശിപ്പിച്ചു. തൊട്ടടുത്ത് കേരളാേത്സവ വേദിയില്‍നിന്ന് ആളുകള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.