തിരുവനന്തപുരം > തന്റെ ആവശ്യത്തെ പുച്ഛിച്ച ബെന്നി ബെഹനാനോട് കയർത്ത് രാജ്മോഹൻ ഉണ്ണിത്താൻ. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് ഇരുവരും ഉരസിയത്. കാഞ്ഞങ്ങാട് – -പാണത്തൂർ–- കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ഉണ്ണിത്താന്റെ ആവശ്യം കേട്ട് ബെന്നി ബെഹനാൻ ചിരിച്ചതാണ് പ്രകോപനത്തിന് കാരണം. ‘ചിരിച്ചുതള്ളേണ്ട കാര്യമല്ല’ എന്നുപറഞ്ഞ് ഉണ്ണിത്താൻ കയർത്തു. അതുകേട്ടും ബെന്നി ബെഹനാൻ ചിരിച്ചതോടെ ഉണ്ണിത്താന്റെ നിയന്ത്രണം വിട്ടു. മറ്റ് യുഡിഎഫ് എംപിമാർ ഇടപെട്ടുമില്ല. മുഖ്യമന്ത്രിയുടെ ഇടപെടലാണ് രംഗം തണുപ്പിച്ചത്. ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിനെ മുസ്ലിംലീഗിന്റെ എംപി അബ്ദുസമദ് സമദാനി പ്രശംസിച്ചു.