ബാങ്കോക്
ജ്യോതി യാരാജിയും അജയ്കുമാർ സരോജും ട്രാക്കിലൂടെ പറന്നപ്പോൾ മലയാളിതാരം അബ്ദുള്ള അബൂബക്കർ ജമ്പിങ്പിറ്റിൽ നിറഞ്ഞു. മൂന്ന് സ്വർണവും രണ്ട് വെങ്കലവുമായി ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ തകർപ്പൻ പ്രകടനം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലാണ് ആന്ധ്രക്കാരിയായ ജ്യോതിയുടെ സുവർണ ഫിനിഷ് (13.09 സെക്കൻഡ്). 23 വയസ്സുള്ള ദേശീയ റെക്കോഡുകാരിക്കുപിന്നിൽ ജപ്പാൻ രണ്ടും മൂന്നും സ്ഥാനം നേടി.
പുരുഷന്മാരുടെ 1500 മീറ്ററിൽ ഉത്തർപ്രദേശിൽനിന്നുള്ള അജയ്കുമാർ സരോജ് മൂന്ന് മിനിറ്റ് 41.51 സെക്കൻഡിൽ ഒന്നാംസ്ഥാനം നേടി. മെഡൽ പ്രതീക്ഷിച്ച മലയാളി അത്ലീറ്റ് ജിൻസൺ ജോൺസൺ 11–-ാംസ്ഥാനത്തായി. ട്രിപ്പിൾജമ്പിലാണ് കോഴിക്കോട് വളയം സ്വദേശിയായ അബ്ദുള്ള അബൂബക്കറിന്റെ സ്വർണച്ചാട്ടം. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയുള്ള ഇരുപത്തേഴുകാരൻ നാലാമത്തെ അവസരത്തിലാണ് 16.92 മീറ്റർ താണ്ടിയത്. 17 പേർ അണിനിരന്ന മത്സരത്തിൽ ജപ്പാന്റെ ഹികാരു ഇകിഹാതക്കാണ് (16.73) വെള്ളി.
സമ്പൂർണ അത്ലീറ്റിനെ കണ്ടെത്താനുള്ള 10 ഇനങ്ങളുടെ ഡെക്കാത്ലണിൽ തമിഴ്നാട്ടുകാരൻ തേജസ്വിൻ ശങ്കർ (7527 പോയിന്റ്) വെങ്കലത്തിൽ ഒതുങ്ങി. ആദ്യദിനം അഞ്ചിനങ്ങൾ പൂർത്തിയായപ്പോൾ മുന്നിലായിരുന്നു. ജപ്പാന്റെ യുമാ മരിയുമക്കാണ് (7745) സ്വർണം. വനിതകളുടെ 400 മീറ്ററിൽ ഐശ്വര്യ കൈലാഷ് മിശ്ര (53.07) മൂന്നാമതെത്തി. ശ്രീലങ്കയുടെ നദീഷ രാമനായക (52.61) സ്വർണവും ഉസ്ബെക്കിസ്ഥാന്റെ ഫരീദ സൊലീവ (52.95) വെള്ളിയും കരസ്ഥമാക്കി. ആദ്യദിനം ഇന്ത്യ ഒരു വെങ്കലം നേടിയിരുന്നു. 16 ഇനങ്ങൾ പൂർത്തിയായപ്പോൾ ആറ് സ്വർണമടക്കം 17 മെഡലുമായി ജപ്പാൻ ഒന്നാമതാണ്. മൂന്ന് സ്വർണത്തോടെ ഏഴ് മെഡലുള്ള ചൈനയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യ മൂന്നുവീതം സ്വർണവും വെങ്കലവുമായി മൂന്നാമതുണ്ട്.
പുരുഷന്മാരുടെ 400 മീറ്ററിൽ ജപ്പാൻ 1–-2 ഫിനിഷ് നടത്തി. കെന്റോ സാട്ടോ സ്വർണവും ഫുഗ സാട്ടോ വെള്ളിയും നേടി. മലയാളിതാരം വി മുഹമ്മദ് അജ്മൽ നാലാമതായി. രാജേഷ് രമേഷിന് ആറാംസ്ഥാനം. ഹാമർത്രോയിൽ പുരുഷ–-വനിത സ്വർണം ചൈനയ്ക്കാണ്. വാങ് ക്യുയിയും (72.13 മീറ്റർ) സാവോജിയും (69.39) ഒന്നാമതെത്തി.
വനിതകളുടെ 10,000 മീറ്ററിൽ ജപ്പാന്റെ ഹരുക കൊകായ് ഒന്നാമതെത്തിയപ്പോൾ ഇന്ത്യയുടെ സഞ്ജീവനി ബാബുറായു യാദവ് നാലാംസ്ഥാനത്തെത്തി. ഹൈജമ്പിൽ കസാഖ്സ്ഥാന്റെ ക്രിസ്റ്റീന ഒവ്ചിനികോവക്കാണ് (1.86 മീറ്റർ) സ്വർണം. ഇന്ത്യയുടെ പൂജയും റുബിന യാദവും ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നാലാംചാട്ടം ഏഷ്യൻ തലപ്പത്ത്
അബ്ദുള്ള അബൂബക്കറിന്റെ ട്രിപ്പിൾജമ്പിലെ സ്വർണച്ചാട്ടം നാലാമത്തെ അവസരത്തിലായിരുന്നു. ആദ്യചാട്ടം ഫൗൾ, രണ്ടാമത്തേത് 15.80 മീറ്റർ, അടുത്തത് 16.54. നാലാമത്തേതാണ് സ്വർണം കൊണ്ടുവന്ന 16.92 മീറ്റർ. അഞ്ചാമത്തേത് 16.40 മീറ്ററിൽ അവസാനിച്ചു. ദേശീയ ചാമ്പ്യനായ പ്രവീൺ ചിത്രവേലും കോമൺവെൽത്ത് ചാമ്പ്യൻ എൽദോസ് പോളും ഇല്ലാതെയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പിനെത്തിയത്. അതിനാൽ എല്ലാ പ്രതീക്ഷയും അബ്ദുള്ളയിലായിരുന്നു. ഈ സീസണിലെ ഏറവും മികച്ച പ്രകടനമാണ് ഇരുപത്തേഴുകാരന്റേത്. ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 16.77 മീറ്റർ ചാടി സ്വർണം നേടിയിരുന്നു. ഇന്റർ സ്റ്റേറ്റ് മീറ്റിൽ വെള്ളിയായി. മോൺട്രിയലിൽ നടന്ന മീറ്റിൽ വെങ്കലം കരസ്ഥമാക്കി. ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന ഡയമണ്ട് ലീഗിൽ ആദ്യമായി സാന്നിധ്യമറിയിച്ചപ്പോൾ 16.37 മീറ്ററിൽ ആറാംസ്ഥാനം. കഴിഞ്ഞവർഷം ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി മീറ്റിലാണ് മികച്ച ദൂരം, 17.19 മീറ്റർ. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഈ ചാട്ടക്കാൻ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് വളയം നാരങ്ങോളീന്റെവിട അബൂബക്കറിന്റെയും സാറയുടെയും മകനാണ്.
‘നിറഞ്ഞ സന്തോഷം’
ഏഷ്യൻ മെഡലിനൊപ്പം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം അബ്ദുള്ള അബൂബക്കർ പറഞ്ഞു. . മത്സരം നടക്കുമ്പോൾ നല്ല മഴയായിരുന്നു. എങ്കിലും ഈ സീസണിലെ മികച്ച ചാട്ടം സാധ്യമായി. ഇനി ഏഷ്യൻ ഗെയിംസിനും ലോക ചാമ്പ്യൻഷിപ്പിനുമുള്ള ഒരുക്കമാണ്.മത്സരത്തിൽ രണ്ട് ചൈനീസ് താരങ്ങൾ നിറംമങ്ങിയത് നിർണായകമായി. ഫാങ് യാക്വിങ് ഏഷ്യൻ ഇൻഡോർ ചാമ്പ്യനാണ്. ടോക്യോ ഒളിമ്പിക്സിൽ എട്ടാമതായിരുന്നു. ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വു റൂയിട്ടിങിനും തിളങ്ങാനായില്ല.
വേഗക്കാരെ ഇന്നറിയാം
ഏഷ്യയിലെ വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനൽ ഇന്നു നടക്കും. ഇന്ത്യക്കാരാരുമില്ല. ഒമ്പത് ഇനങ്ങളിലാണ് ഇന്ന് ഫൈനൽ. വനിതാ ലോങ്ജമ്പിൽ ആൻസി സോജനും ശൈലി സിങ്ങും മത്സരിക്കും. ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂർ നിലവിലെ ജേതാവാണ്. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പാരുൾ ചൗധരിയും പ്രീതിയും ഇറങ്ങും.
മെഡൽപ്പട്ടിക
(സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ)
ജപ്പാൻ 7 8 3 18
ചൈന 3 3 1 7
ഇന്ത്യ 3 0 3 6
കസാഖ്സ്ഥാൻ 1 2 0 3
തായ്ലൻഡ് 1 1 1 3
ശ്രീലങ്ക 1 0 2 3