മനാമ > സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ എണ്ണം ആദ്യമായി ഒൻപത് ലക്ഷം കടന്നതായി റിപ്പോർട്ട്. ഒദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മെയിൽ രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണം റെക്കോർഡിലെത്തി. വനിത ശാക്തീകരണത്തിനും തൊഴിൽ വിപണിയിൽ അവരുടെ ഇടപഴകൽ വർധിപ്പിക്കാനുമുള്ള സർക്കാർ ശ്രമമാണ് വർധനക്ക് കാരണം. കഴിഞ്ഞ വർഷം സൗദി തൊഴിൽ വിപണിയിൽ വനിതാ ജീവനക്കാർ 37 ശതമാനത്തിൽ എത്തി.
എമിഗ്രേഷൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ മേഖലകളിൽ വനിതാ പ്രാതിനിധ്യമുണ്ട്. ജനുവരിയിൽ ഭരണാധികാരി സൽമാൻ രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 അംബാസഡർമാരിൽ രണ്ട് പേർ വനിതളായിരുന്നു. റയ്യാന ബർണാവി എന്ന സൗദി വനിത കഴിഞ്ഞ മെയിൽ ബഹിരാകാശ യാത്ര നടത്തിയതോടെ സ്പേസ് സയൻസ് മേഖലയിലേക്കും നിരവധി വനിതകൾ ആകൃഷ്ടരാകുന്നുണ്ട്.
2018 ൽ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതോടെ വൻ പുരോഗതിയാണ് വനിതകളുടെ തൊഴിൽ പ്രതിനിധ്യത്തിൽ ഉണ്ടായത്. പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യാനും പാസ്പോർട്ടിന് അപേക്ഷിക്കാനും സൗദി അനുമതി നൽകിയതും അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വഴിവെച്ചു. ഡ്രൈവിങ് നിരോധനം നീക്കലും സ്വതന്ത്ര യാത്രാ അനുമതിയും സ്ത്രീ ശാക്തീകരണ മേഖലയിൽ വലിയ കാൽവെപ്പായിരുന്നു. നിവലിൽ ഹറമെയിൻ ഹൈസ്പീഡ് ട്രെയിനിൽ ഡ്രൈവർമാരായി 34 വനിതകളുണ്ട്. 28,000 സ്ത്രീകളായിരുന്നു ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചിരുന്നത്.
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ പ്രവാസി തൊഴിലാളികൾക്കു പകരം സ്വദേശികളെ നിയമിക്കാൻ സമീപ വർഷങ്ങളിൽ സൗദി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗാമയി സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം ആദ്യമായി 20 ലക്ഷം കവിഞ്ഞതായി ജൂൺ അവസാന വാരം പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.