മൂലമറ്റം> നോക്കിനിൽക്കെ പ്രകൃതിയുടെ ഭാവം മാറുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില് നാടുകാണിയിലേക്ക് പോര്. മൂലമാറ്റത്തിനടുത്തുള്ള നാടുകാണി വ്യൂ പോയിന്റ് സഞ്ചരികൾക്കായി ഒരുക്കുന്ന കാഴ്ചകൾ പലതാണ്. കണ്ണുചിമ്മുമ്പോൾ സൂര്യപ്രകാശവും കോടമഞ്ഞും മാറിമാറി വരും. തണുത്ത കാറ്റിൽ തലമുടിയിഴകൾവരെ പിഴുതുപോകുമെന്ന് തോന്നും. ചിലപ്പോൾ അടുത്തുനിൽക്കുന്ന ആളെപ്പോലും കാണാനാവാത്ത രീതിയിൽ മഞ്ഞുവന്ന് പൊതിയും. തൊടുപുഴ – ഇടുക്കി സംസ്ഥാന പാതയിൽ കുളമാവ് ഡാമിന് നാലു കിലോമീറ്റർ മുമ്പാണ് നാടുകാണി എന്ന ‘നാടു കാണൽ’ പോയിന്റ്. റോഡിൽനിന്ന് 300 മീറ്ററോളം ഉള്ളിലേക്ക് മാറണം. പ്രവേശന കവാടം വരെ വാഹനങ്ങൾ എത്തും.
മലമുകളിലെ വിസ്മയം
മലമുകളില്നിന്ന് ദൂരേയ്ക്ക് നോക്കിയാല് കണ്ണിന് വിരുന്നേകുന്ന കാഴ്ചകളാണ്. പച്ചപ്പ് പുതച്ചു നിൽക്കുന്ന മൊട്ടക്കുന്നുകളും ഇളംകാറ്റിന്റെ ഇടവേളകളിൽ നിറം മാറുന്ന കുന്നുകളും നാടുകാണിയുടെ സവിശേഷത. നല്ല കട്ടിപ്പച്ചയിൽ ആറാടിനിൽക്കുന്ന മരങ്ങൾ പെട്ടെന്ന് നീലകലർന്ന പച്ചയിലേക്കും തത്തപ്പച്ചയിലേക്കും നിറംമാറിക്കളയും. മലങ്കര ഡാമും വൃഷ്ടിപ്രദേശവുമൊക്കെയായി പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ ഊറ്റിക്കുടിക്കുവാൻ ഇതിലും നല്ല സ്ഥലം വേറെയുണ്ടാകില്ല. മൂലമറ്റം പവർഹൗസും കാടിനെ റബർ ബാൻഡ് ഇട്ട് മുറുക്കിക്കട്ടിയത് പോലെ പോകുന്ന പെൻസ്റ്റോക്ക് പൈപ്പുകളും കണ്ടാസ്വദിക്കാനും നാടുകാണിയിലെ പാറക്കെട്ടുകൾക്കിടയിലെ ചാരുകസേരകൾ നല്ലൊരിടമാണ്.
കാഴ്ചയുടെ കിളിവാതിൽ
ഇടുക്കിയിലെ കാഴ്ചകളിലേക്കൊരു കിളിവാതിൽ തുറന്നുവച്ച പോലാണ് വ്യൂ പോയിന്റ്. മനോഹരമായ ഡെസ്റ്റിനേഷനുകൾക്കിടയിലെ ചെറിയൊരു ഇടത്താവളം. ഇടുക്കി ആർച്ച് ഡാമും ഹൈറേഞ്ചിന്റെ സൗന്ദര്യവും കുമളിയുടെ കുളിരും തേടിപ്പോകുന്ന യാത്രികർ നഷ്ടമാക്കാൻ പാടില്ലാത്ത ഒരിടത്താവളം. ഒരു മണിക്കൂറുകൊണ്ട് മഞ്ഞും കാറ്റും അറിഞ്ഞ് ദൂരക്കാഴ്ചകളുടെ മാധുര്യം നുകർന്ന് ഫ്രഷായി യാത്ര തുടരാം. വിനോദസഞ്ചാര വകുപ്പാണ് നാടുകാണി പവിലിയനും വ്യൂ പോയിന്റും നോക്കിനടത്തുന്നത്. രാവിലെ എട്ടുമുതൽ എട്ടുവരെയാണ് പ്രവേശനം.