തൃശൂർ> പാർട്ടി ഡ്രഗായ മെത്താഫിറ്റാമിനെന്ന മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. നെടുപുഴ പുല്ലാനി ആരോമൽ (22), കുന്നംകുളം പുതുശ്ശേരി പണ്ടാര പറമ്പിൽ ഷാനു എന്ന ഷനജ് (28) എന്നിവരെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ചിയ്യാരം ആൽത്തറക്കടുത്ത് ബുധൻ പുലർച്ചെയാണ് മെത്താഫിറ്റാമിനും കഞ്ചാവും വിൽപ്പനക്കിടെ ഇവർ പിടിയിലായത്. പ്രതികളിൽ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. അതു പ്രകാരം പിടികൂടിയ മയക്കുമരുന്നിന് ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലവരും.
രഹസ്യ വിവരത്തെ തുടർന്ന് ഒരു മാസമായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലൂരിൽ നിന്നും ഇവർ വലിയ അളവിൽ മയക്കുമരുന്ന് വിൽപനയ്ക്കായി എത്തിച്ചതായി അറിഞ്ഞതോടെ നിരന്തരമായി പിന്തുടർന്നു. ഷാനുവുമൊന്നിച്ച് തൃശൂരിലും പരിസരത്തുമുള്ള യുവതീയുവാക്കൾ രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ട്. പണം നൽകാൻ കഴിയാത്ത യുവാക്കളുടെ മൊബൈൽ ഫോൺ ഈടായി വാങ്ങി വെച്ചും ഇരുവരും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. മയക്കുമരുന്ന് വിൽപ്പനക്കായി രാത്രി മാത്രം ഇറങ്ങുന്ന ഇവരെ പിടിക്കാൻ പോലീസ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇവർ വരാനിടയുള്ള റോഡുകളിൽ മാറിമാറി വാഹന പരിശോധന നടത്തിയാണ് ബുധൻ അർധരാത്രി ഇവരെ കുടുക്കിയത്.
സിറ്റി പോലീസ് കമ്മീഷണർ അംങ്കിത് അശോകന്റെ പ്രത്യേക നിർദ്ദേശപ്രകാരം മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. നെടുപുഴ എസ്ഐ ടി ജി ദിലീപിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ നെൽസൺ, അഡീഷണൽ എസ്ഐ സന്തോഷ്, എഎസ്ഐ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിമൽ, പ്രിയൻ, അക്ഷയ്, ഫായിസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.