ബെംഗളൂരു> ആന്ധ്രപ്രദേശിൽ തക്കാളി കര്ഷകനെ കവര്ച്ച സംഘം കൊലപ്പെടുത്തി. അനമയ്യ ജില്ലയിലെ മദനപ്പള്ളിയില് തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണ് നരീം രാജശേഖര് റെഡ്ഡിയെന്ന കർഷകനെ അക്രമികൾ കൊലപ്പെടുത്തിയത്.
പാടത്ത് എത്തി വിളവെടുപ്പ് പൂര്ത്തിയാക്കിയെന്ന് ഉറപ്പാക്കിയതിനുശേഷം കര്ഷകനെ പിന്തുടര്ന്ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഇയാള് 70 കൊട്ട തക്കാളി ചന്തയില് വിറ്റിരുന്നു. തക്കാളിയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ കർഷകന്റെ പണം കൊള്ളയടിക്കാനാണ് അക്രമികൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഡിഎസ്പി കേശപ്പ, സിഐ സത്യനാരായണ, എസ്ഐ വെങ്കിടേഷ്, സുധാകർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.















