തിരുവനന്തപുരം
ഐഎസ്ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്ഡൗൺ വ്യാഴം പകൽ ഒന്നിന് ആരംഭിക്കും. തുടർന്ന് റോക്കറ്റിൽ ഇന്ധനം നിറയ്ക്കും. ബുധനാഴ്ച ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നൽകി. വെള്ളി പകൽ 2.35ന് രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന് പേടകവുമായി എൽവിഎം 3 റോക്കറ്റ് കുതിക്കും. പതിനാറാം മിനിറ്റിൽ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. 170 –-37,000 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. അഞ്ചു ഘട്ടമായി പഥം ഉയർത്തിയശേഷമാകും ചന്ദ്രനിലേക്ക് പേടകത്തെ തൊടുത്തുവിടുക.
ആഗസ്ത് മൂന്നാംവാരം ചാന്ദ്രയാൻ പേടകം ചന്ദ്രന്റെ ആകർഷണവലയത്തിൽ കടക്കും. പിന്നീട് പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പടിപടിയായി ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തേക്ക് താഴ്ത്തും. 23നോ 24നോ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ലാൻഡറും റോവറുമടങ്ങുന്ന ദൗത്യത്തിന് രണ്ടാഴ്ചയാണ് കാലാവധി. വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു. ഇക്കുറി ദൗത്യം പൂർണ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ്. മുൻ ദൗത്യങ്ങളിൽനിന്നുള്ള പാഠങ്ങൾ പഠിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ് ലാൻഡിങ് ചാന്ദ്രപ്രഭാതത്തിൽ
ചാന്ദ്രയാൻ 3 സോഫ്റ്റ്ലാൻഡ് ചെയ്യുക ‘ചാന്ദ്ര പ്രഭാത’ത്തിൽ. ചുരുങ്ങിയ സമയത്തിനുള്ളിൽ പേടകത്തിന് ചെയ്യാനുള്ള ദൗത്യങ്ങൾ ഏറെ. സൗരോർജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പേടകത്തിന് അവിടെ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. ചന്ദ്രനിൽ ഒരു പകൽ ഭൂമിയിലെ 14 ദിവസത്തിനു തുല്യമാണ്. പകൽ ആരംഭിക്കുന്ന സമയത്തുതന്നെ പേടകത്തെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻഡ് ചെയ്യിക്കാനാണ് ശ്രമം. ആഗസ്ത് 23–24 തീയതികൾ തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായാണ്. ലാൻഡറിലും റോവറിലുമുള്ള സൗരോർജ പാനലുകൾ പ്രവർത്തിക്കാൻ നല്ല സൂര്യപ്രകാശം ലഭിക്കണം. ഇതിനായി പാനലുകളുടെ വിസ്തൃതിയും ഊർജം ശേഖരിക്കാനുള്ള ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. 14 ദിവസത്തെ പര്യവേക്ഷണ ദൗത്യമാണ് ലാൻഡറിനും റോവറിനും നിശ്ചയിച്ചിരിക്കുന്നത്. ചാന്ദ്ര പ്രതലം, അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള നിരവധി വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും.
ലൂണ വൈകി പുറപ്പെടും, നേരത്തേ എത്തും
റഷ്യയുടെ ലാൻഡർ ലൂണ 25 യാത്ര പുറപ്പെടുന്നത് വൈകിയാണെങ്കിലും ചാന്ദ്രയാനേക്കാൾ നേരത്തേ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഏറെക്കാലത്തിനുശേഷം റഷ്യൻ ബഹിരാകാശ ഏജൻസി നടത്തുന്ന ചാന്ദ്രദൗത്യത്തിൽ ലാൻഡർ മാത്രമാണുള്ളത്. ആഗസ്ത് 11ന് സോയൂസ് റോക്കറ്റിൽ പേടകം കുതിക്കും. നേരിട്ട് ചന്ദ്രനിലേക്ക് തൊടുത്തുവിടുന്നതിനുള്ള സാങ്കേതികവിദ്യ ഉള്ളതിനാൽ വളരെവേഗം ലൂണയ്ക്ക് ചാന്ദ്രപഥത്തിലെത്താനാകും. (പടിപടിയായി പഥം ഉയർത്തിയാണ് ചാന്ദ്രയാനെ ചാന്ദ്രപഥത്തിലെത്തിക്കുന്നത്).
ദക്ഷിണ ധ്രുവത്തിൽ ചാന്ദ്രയാൻ 3 ഇറങ്ങുന്നതിന് 100 കിലോമീറ്റർ അടുത്താണ് ലൂണ ഇറങ്ങുന്നത്. ചാന്ദ്രയാൻ ഇറങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പേ ആയിരിക്കുമിത്. ഒരു വർഷത്തോളം പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക സംവിധാനങ്ങൾ ലൂണയിലുണ്ട്. ചന്ദ്രനെ ‘മണത്തറിയാനു’ള്ള ലക്ഷ്യവുമായി ജപ്പാൻ സ്പെയ്സ് ഏജൻസി ആഗസ്തിൽ സ്മാർട്ട് ലാൻഡർ (സ്ലിം) വിക്ഷേപിക്കുന്നുണ്ട്. ചാന്ദ്രയാൻ 2ന്റെ ഭാഗമായുള്ള ഓർബിറ്റർ, നാസ, ചൈന എന്നിവയുടെ ദൗത്യങ്ങൾ നിലവിൽ പര്യവേക്ഷണം തുടരുന്നുണ്ട്.