പറവൂർ
ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയെത്തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ കേസെടുത്തേക്കും. ആംബുലൻസ് വാടക 900 രൂപ മുൻകൂട്ടി നൽകണമെന്ന് നിർബന്ധംപിടിച്ച ഡ്രൈവർ ആന്റണി ഡിസിൽവ പറവൂർ താലൂക്കാശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അരമണിക്കൂറോളം വൈകിയതോടെയാണ് നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) മരിച്ചതെന്നാണ് പരാതി. അസ്മയുടെ ചെറുമകൻ കെ എ മനാഫും ചിറ്റാറ്റുകര പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ വി എ താജുദീനുമാണ് ഡിഎംഒ, താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവർക്കും പൊലീസിനും പരാതി നൽകിയത്.
പരാതി നൽകിയെങ്കിലും കേസുമായി മുന്നോട്ടുപോകേണ്ടെന്ന നിലപാടിലാണ് അസ്മയുടെ കുടുംബം. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിൽ അവർക്ക് താൽപ്പര്യമില്ല. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനാൽ കേസെടുക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. അസ്മയുടെ ബന്ധുക്കളിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
സൂപ്രണ്ട് ഡോ. പി എസ് റോസമ്മ ഡിഎംഒയ്ക്ക് ബുധൻ വൈകിട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവർ ആന്റണിയോട് മൂന്നുദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ചശേഷം ഡിഎംഒയ്ക്ക് സൂപ്രണ്ട് അന്തിമ റിപ്പോർട്ട് നൽകും. ആന്റണിയെ സംഭവദിവസംതന്നെ താൽക്കാലികമായി ജോലിയിൽനിന്ന് നീക്കിയിരുന്നു.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. വാഹനവാടക വാങ്ങാൻ ഡ്രൈവറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രോഗികളെ കൊണ്ടുപോയശേഷം പലതവണ പണം ലഭിക്കാത്ത സ്ഥിതിയുണ്ടായതിനാലാണ് ഡ്രൈവർ പണം മുൻകൂർ ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്.