തിരുവനന്തപുരം
മുതലപ്പൊഴിയിൽ നടന്നത് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സർക്കാർവിരുദ്ധ സമരം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ മറ്റൊരു നീക്കം. ക്രിമിനൽ സ്വഭാവമുള്ള കോൺഗ്രസ് നേതാക്കളുൾപ്പെടെ അക്രമത്തിലുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആദ്യ ദിവസം മന്ത്രിമാരെ തടഞ്ഞ കിരൺ ഡേവിഡ് എന്ന ഐഎൻടിയുസി നേതാവ് വലിയതുറ സ്വദേശിയാണ്. എയർപോർട്ടിൽനിന്ന് മദ്യക്കടത്ത് ഉൾപ്പെടെ വിവിധ കേസിൽ പിടിയിലായിട്ടുള്ള ഇയാൾ വലിയതുറയിൽനിന്ന് മുങ്ങി മൂന്നുവർഷമായി ചിറയിൻകീഴിലാണ് താമസം.
അപകടം നടന്ന ദിവസവും അടുത്ത ദിവസവും ഇയാൾ മുതലപ്പൊഴിയിൽ എത്തി ആക്രമണത്തിന് ശ്രമിച്ചിരുന്നു. മന്ത്രിമാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾ മത്സ്യത്തൊഴിലാളികളെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങളും പ്രദേശവാസികൾ പകർത്തിയിട്ടുണ്ട്. അപകടത്തിന്റെ രണ്ടാം ദിവസവും കിരൺ ഡേവിഡ് സ്ഥലത്തെത്തി ആക്രമണത്തിന് മുതിർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ ഇടപെട്ടു. ഇവരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലുമെടുത്തു. മുതലപ്പൊഴിയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് നടത്തിയ മുന്നൊരുക്കങ്ങളിൽ എം വിൻസെന്റ് എംഎൽഎയുടെ പങ്കും സംശയിക്കപ്പെടേണ്ടതാണ്. തന്റെ മണ്ഡലം അല്ലാതിരുന്നിട്ടും സ്ഥലത്തെത്തി തമ്പടിച്ച എംഎൽഎയുടെ നടപടിയെ പ്രദേശവാസികൾ സംശയത്തോടെയാണ് കാണുന്നത്. കിരൺ ഡേവിഡ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എം വിൻസെന്റുമായി ആശയവിനിമയം നടത്തിയിരുന്നു. അടുത്തദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനെയുംകൂട്ടി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് തോമസ് ജെ നെറ്റോയെ കാണാൻ പോയതും വിൻസെന്റാണ്. എന്നാൽ, ബിഷപ്പിനെ കാണാൻ ഇരുവർക്കും അവസരം ലഭിച്ചില്ല.
മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന ചെറിയ വിഷയംപോലും വലിയ സംഘർഷമാക്കി മാറ്റുകയെന്ന അജൻഡയാണ് കോൺഗ്രസ് നടപ്പാക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ ഉടലെടുത്ത സമരം ജില്ലയാകെ വ്യാപിപ്പിക്കാൻ ശ്രമിച്ചതും കോൺഗ്രസായിരുന്നു.