മനാമ> 50ൽ താഴെ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ യുഎഇ തീരുമാനം. മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി പ്രകാരം 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ കമ്പനികളിലെയും വ്യക്തിഗത സ്ഥാപനങ്ങളിലെയും 14 പ്രത്യേക പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് സ്വദേശിവൽക്കണം നടപ്പാക്കുക.
ഇതനുസരിച്ച്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ പ്രവർത്തനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സേവനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ വ്യവസായങ്ങൾ സ്വദേശിവൽക്കരണത്തിന്റെ പരിധിയിൽ വരും. . വിദ്യാഭ്യാസ മേഖല, മനുഷ്യ ആരോഗ്യം, സാമൂഹിക പ്രവർത്തനം, കല, വിനോദം, ഖനനം, ഖനനം, ഉൽപ്പാദനം, നിർമ്മാണം, മൊത്ത, ചില്ലറ വ്യാപാരം, താമസം, ഹോസ്പിറ്റാലിറ്റി സേവന പ്രവർത്തനങ്ങൾ, ഗതാഗതം, സംഭരണം എന്നിവയും ഉൾപ്പെടും.
14 പ്രത്യേക സാമ്പത്തിക പ്രവർത്തനങ്ങളും അത് കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ലിസ്റ്റും മന്ത്രാലയത്തിന്റെ ഡിജിറ്റൽ ചാനലുകൾ വഴി പങ്കിടും. പദ്ധതിയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ 2024ലും 2025ലും ഒരു യുഎഇ പൗരനെയെങ്കിലും നിയമിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരും. വ്യവസ്ഥ ചെയ്ത പ്രകാരം 2024ൽ സ്വദേശിയെ നിയമിക്കാത്തവർക്ക് 96,000 ദിർഹം (ഏതാണ്ട് 21,54,745 രൂപ) പിഴ ചുമത്തും. 2025ൽ പിഴ 1,08,000 ദിർഹമായി (ഏതാണ്ട് 24,24,088 രൂപ) വർദ്ധിക്കും. സദേശിവൽക്കരണം വേഗത്തിലാക്കാനും സമീപഭാവിയിൽ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തീരുമാനം ലക്ഷ്യമിടുന്നു.